തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ചിലത് വെട്ടിക്കുറച്ചെങ്കിലും മേളപ്പെരുക്കത്തിലും കാണികളുടെ എണ്ണത്തിലും ആവേശത്തിലും ഒട്ടും പിന്നോട്ടില്ലാതെ പൂരനഗരി. പൂരപ്രേമികളിൽ ആവേശം നിറച്ച് ഇലഞ്ഞിത്തറമേളം അവസാനിച്ചെങ്കിലും നാടും നഗരവും ഇപ്പോഴും ആവേശത്തിലാണ്. കത്തുന്ന സൂര്യനെ പോലും അവഗണിച്ചാണ് ആയിരങ്ങൾ പൂരനഗരിയിൽ തടിച്ചുകൂടിയത്. അൽപ്പസമയത്തിനകം തെക്കോട്ടിറക്കത്തിന് ശേഷം കുടമാറ്റം ആരംഭിക്കും.
11 മണിക്ക് ശേഷമാണ് തിരുവമ്പാടിയുടെ മഠത്തിൽ തുടങ്ങിയത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാരംഭിച്ച ഇലഞ്ഞിത്തറമേളം അൽപ്പസമയത്തിന് മുൻപാണ് അവസാനിച്ചത്. വെടിക്കെട്ട് പൂർണമായും ഒഴിവാക്കി, പ്രതീകാത്മകമായ കതിന പൊട്ടിച്ചുകൊണ്ടാണ് ഇത്തവണത്തെ പൂരം. നാളത്തെ പകൽപൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലുന്നതോടെ പൂരച്ചടങ്ങുകൾക്ക് അവസാനമാകും.




