ന്യൂഡൽഹി: വനിത സംവരണ ബിൽ പാർലമെന്റിൽ പാസാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് എതിർപ്പുമായി കോൺഗ്രസ്. മണ്ഡല പുനർനിർണ്ണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആദ്യം സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജ്ജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കണമെന്ന് മോദി എല്ലാ കക്ഷി നേതാക്കൾക്കും കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. വനിത സംവരണം നടപ്പാക്കാൻ ഇതാണ് ഉചിത സമയമെന്നും, ഇതിൽ രാഷ്ട്രീയ ഏകോപനം വേണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ വിഷയത്തിൽ മതിയായ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് ഖർഗെയുടെ ആരോപണം. ലോക്സഭ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 816 ആയി വർധിപ്പിക്കുന്നതും മണ്ഡല പുനർനിർണ്ണയവും സംബന്ധിച്ച വിശദാംശങ്ങൾ പ്രതിപക്ഷത്തെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സീറ്റുകളുടെ വർധനയും മണ്ഡല പുനർനിർണ്ണയവും സർവ്വകക്ഷി യോഗത്തിൽ ചർച്ച ചെയ്തശേഷം മാത്രമേ മുന്നോട്ട് പോകാവൂ എന്നാണ് കോൺഗ്രസിന്റെ നിലപാട്. ചില പ്രതിപക്ഷ കക്ഷികൾ നിലവിലെ സീറ്റുകളിൽ തന്നെ സംവരണം നടപ്പാക്കണമെന്നും, അല്ലെങ്കിൽ ജനസംഖ്യാ കണക്കുകൾ വ്യക്തമാക്കിയശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും ആവശ്യപ്പെടുന്നു.
അതേസമയം, ബിൽ പാസാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബിജെപി. പാർലമെന്റ് സമ്മേളന ദിവസങ്ങളിൽ എംപിമാർ നിർബന്ധമായും ഹാജരാകണമെന്ന് പാർട്ടി വിപ്പ് നൽകിയിട്ടുണ്ട്.




