ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ല് പ്രതിപക്ഷം ലോക്‌സഭയില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വിട്ടിരിക്കുകയാണ് കോൺഗ്രസ്. ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. സോണിയാ ഗാന്ധി 2017ലും രാഹുല്‍ ഗാന്ധി 2018ലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചത്. ഇപ്പോൾ കത്തുകൾ പുറത്തുവിട്ടിരിക്കുന്നത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ്.
വനിതാ സംവരണത്തിന് തുടക്കം കുറിച്ചത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് കത്തില്‍ പറയുന്നു. 1989ല്‍ പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീസംവരണം കൊണ്ടുവരാന്‍ ആദ്യം ശ്രമിച്ചത് കോണ്‍ഗ്രസും രാജീവ് ഗാന്ധിയുമാണെന്ന് സോണിയാ ഗാന്ധിയുടെ കത്തില്‍ പറയുന്നു. വനിതാ സംവരണ ബില്‍ വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ കത്തില്‍ ആവശ്യപ്പെട്ടത്. അന്ന് ആവശ്യപ്പെട്ടപ്പോൾ ഉറങ്ങിക്കിടന്ന സര്‍ക്കാര്‍ ഇപ്പോള്‍ മണ്ഡലപുനര്‍നിര്‍ണയവുമായി ബന്ധപ്പെടുത്തി വനിതാസംവരണം പിന്നെയും വൈകിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.




