കോട്ടയം: ഈ വർഷത്തെ ശബരമില തീർഥാടനം സമാപിച്ചിട്ടും എരുമേലിയിൽ ശുചീകരണം നടത്തുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് തിങ്കളാഴ്ച വൈകീട്ടുവരെയും ചെയ്ത പണിയുടെ കൂലി നൽകിയില്ല. പ്രതിഷേധവുമായി തൊഴിലാളികൾ എരുമേലി ധർമശാസ്താ ക്ഷേത്രഗോപുരത്തിന് മുമ്പിൽ വെയിലത്തിരുന്ന് പ്രതിഷേധിച്ചു.
രാവിലെ പതിനൊന്നിന് തുടങ്ങിയ പ്രതിഷേധം വൈകുംവരെ നീണ്ടു. മുൻവർഷങ്ങളിലും പണം കിട്ടാൻ വൈകുന്ന സ്ഥിതിയായിരുന്നു. നാൽപതു വർഷത്തോളമായി മണ്ഡലകാലം തുടക്കംമുതൽ മകരവിളക്ക് തീർഥാടനം വരെ നൂറ്റിയിരുപത്തിയഞ്ചു പേരാണ് മധുര അയ്യപ്പ സേവാസംഘം വഴി വിശുദ്ധിസേനയെന്ന പേരിൽ എരുമേലിയിൽ ശുചീകരണത്തിനെത്തുന്നത്. ഡിസംബർ പതിനേഴു മുതലുള്ള വേതനമാണ് ഇവർക്ക് കിട്ടാനുള്ളത്.
ഒരാൾക്ക് ദിവസം അഞ്ഞൂറ്റിയൻപത് രൂപയാണ് വേതനം. നൂറ്റിയിരുപത്തഞ്ചു പേർക്കായി മുപ്പത്തിയഞ്ചു ദിവസത്തെ വേതനമായി ഏകദേശം ഇരുപത്തിനാലു ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. തുക ദേവസ്വം ബോർഡ് പത്തനംതിട്ട കളക്ടറുടെ ഫണ്ടിലേക്ക് കൈമാറുകയും എരുമേലിയിൽ ജോലിചെയ്യുന്ന വിശുദ്ധി സേനാംഗങ്ങൾക്കുള്ള പണം പത്തനംതിട്ട കളക്ടർ കോട്ടയം കളക്ടർക്ക് കൈമാറുകയുമാണ് പതിവ്. കളക്ടറേറ്റിൽനിന്ന് എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ അക്കൗണ്ടിലെത്തി ഒരോ തൊഴിലാളിയുടെയും അക്കൗണ്ടിലേക്ക് ഈ തുക മാറ്റും.






