യൂജീൻ (യു.എസ്.എ): ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് അഭിമാനനേട്ടം. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ 19കാരനായ ആശിഷ് യാദവ് വെള്ളി മെഡൽ സ്വന്തമാക്കി. ഫൈനലിലെ മൂന്നാം ശ്രമത്തിൽ 74.09 മീറ്റർ ദൂരം കണ്ടെത്തിയാണ് ആശിഷ് ഇന്ത്യയ്ക്കായി മെഡൽ നേടിയത്.
ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും ആശിഷ് സ്വന്തമാക്കി. രണ്ടുതവണ ഒളിമ്പിക് മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ശേഷമാണ് ഈ നേട്ടം.
2016ൽ പോളണ്ടിൽ നടന്ന ലോക അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ 86.48 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം നേടിയത്. അന്ന് സ്വന്തമാക്കിയ ലോക ജൂനിയർ റെക്കോർഡ് ഇപ്പോഴും നിലനിൽക്കുകയാണ്.
ജാവലിൻ ത്രോയിൽ ദക്ഷിണാഫ്രിക്കയുടെ ജാൻ-ഹെൻഡ്രിക് ഹെയ്മാൻസ് ആണ് സ്വർണം നേടിയത്. ആറാമത്തെയും അവസാനത്തെയും ശ്രമത്തിൽ 80.50 മീറ്റർ ദൂരം കണ്ടെത്തിയാണ് താരം ഒന്നാമതെത്തിയത്. ഈ സീസണിലെ അണ്ടർ-20 ലോകത്തിലെ മികച്ച പ്രകടനത്തോടെയായിരുന്നു ഹെയ്മാൻസിന്റെ സ്വർണനേട്ടം.
ഫൈനലിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ടി. ധരണിധരൻ 72.35 മീറ്റർ ദൂരത്തോടെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.




