തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം. ആറംഗ അക്രമി സംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആക്രമണം നടന്ന പതിനാറാം മൈൽ പെട്രോൾ പമ്പിന് സമീപത്തെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായത്. പ്രതികളുടെ മുഖം വ്യക്തമായിട്ടില്ലെങ്കിലും, ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പ്രതികളെ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കഴിഞ്ഞ ദിവസമാണ് സിനിമ കണ്ട ശേഷം മടങ്ങുകയായിരുന്ന യുവ ദമ്പതികൾക്ക് ആറ്റിങ്ങൽ ദേശീയപാതയിൽ വെച്ച് ആക്രമണം നേരിടേണ്ടി വന്നത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ ആറംഗ സംഘം ഇരുവരെയും തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. തിരുവനന്തപുരത്തെ മുരുക്കുംപുഴ സ്വദേശി അനീഷിനും ഭാര്യയ്ക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.
അക്രമി സംഘം യുവതിയെ കമൻ്റടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഭർത്താവ് ഈ പ്രവർത്തി ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംഘത്തിലെ ഒരാൾ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നു തന്നെ യുവതിയെ ചവിട്ടിയതായും തുടർന്ന് ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ വാഹനം നിർത്തി ഇരുവരെയും മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തിന് ശേഷം സംഘം ബൈക്കുകളിൽ രക്ഷപ്പെട്ടു. ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




