കൊല്ലം: പുനലൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് പുനലൂർ കോളേജ് ജംഗ്ഷന് സമീപം താമസിച്ചിരുന്ന ഫ്ലാറ്റിന് അടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.
കെവിൻ കൊലക്കേസിൽ പ്രതിയായി ഉൾപ്പെടുത്തിയിരുന്ന ഷിനുവിനെ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇയാളുടെ മൂത്ത സഹോദരൻ ഷാനു ഈ കേസിൽ നിലവിൽ പരോളിലാണ്.
മദ്യപിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ഫ്ലാറ്റിന്റെ മുകളിൽ മദ്യക്കുപ്പികളും ഷിനു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.










