കോഴിക്കോട്: നഗരത്തിൽ വൻ ലഹരി വേട്ട. ബംഗളൂരുവിൽ നിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച് കടത്തിയ 250 ഗ്രാം എംഡിഎ, എൽഎസ്ഡി സ്റ്റാമ്പുകൾ, എക്സ്റ്റസി ടാബ്ലറ്റുകൾ എന്നിവയുമായി രണ്ട് യുവാക്കൾ പിടിയിൽ.
ബംഗളൂരു–കോഴിക്കോട് റൂട്ടിലെ ടൂറിസ്റ്റ് ബസുകൾ ലഹരി കടത്തിന് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം പരിശോധന ശക്തമാക്കിയത്. ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയ ബസിൽ യാത്ര ചെയ്തിരുന്ന രണ്ട് യുവാക്കളുടെ പെരുമാറ്റം സംശയകരമായി തോന്നിയതിനെ തുടർന്ന് സംഘം പരിശോധന നടത്തി.
യുവാക്കളുടെ കൈവശമുണ്ടായിരുന്ന വാട്ടർ ഹീറ്റർ തുറന്നപ്പോൾ സ്റ്റീൽ ടാങ്കിനുള്ളിൽ ഇൻസുലേഷൻ ടേപ്പിൽ പൊതിഞ്ഞ നിലയിൽ ലഹരി കണ്ടെടുത്തു. 250 ഗ്രാം എംഡിഎ, 99 എൽഎസ്ഡി സ്റ്റാമ്പ്, 44 ഗ്രാം എക്സ്റ്റസി ടാബ്ലറ്റ് എന്നിവയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.




