കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര ലഭ്യമാകും. യാത്രയ്ക്ക് നിരക്ക് ഈടാക്കില്ലെങ്കിലും യാത്രക്കാർ നിർബന്ധമായും കണ്ടക്ടറിൽ നിന്ന് ‘സീറോ-വാല്യൂ’ ടിക്കറ്റ് കൈപ്പറ്റണമെന്ന് കെഎസ്ആർടിസി അറിയിച്ചു.
സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന ബസുകളിൽ ‘പ്രിയദർശിനി’ പദ്ധതി സൂചിപ്പിക്കുന്ന പ്രത്യേക സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടാകും. ബസിൽ കയറിയ ശേഷം യാത്രക്കാർ കണ്ടക്ടറെ വിവരം അറിയിച്ച് പൂജ്യം രൂപ രേഖപ്പെടുത്തിയ ടിക്കറ്റ് വാങ്ങണം. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാൽ 500 രൂപ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
യാത്രക്കാരുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തുന്നതിനും പദ്ധതിയുടെ ഭാഗമായി സർക്കാരിൽ നിന്ന് ലഭിക്കേണ്ട സബ്സിഡി കണക്കാക്കുന്നതിനുമാണ് സീറോ-വാല്യൂ ടിക്കറ്റുകൾ നൽകുന്നതെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെയും പൊതുഗതാഗത ഉപയോഗം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നാളെ രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷമായിരിക്കും സൗജന്യ യാത്ര പ്രാബല്യത്തിൽ വരിക. സംസ്ഥാനത്തെ 3,125 ഓർഡിനറി കെഎസ്ആർടിസി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകളുടെ മുൻവശത്തും പ്രവേശന കവാടങ്ങൾക്കരികിലും ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. സീറോ ടിക്കറ്റിലും കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും രേഖപ്പെടുത്തണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സൗജന്യ യാത്ര ലഭ്യമല്ലാത്ത ബസുകളിൽ കയറുന്ന സ്ത്രീകളെ ഇക്കാര്യം മുൻകൂട്ടി അറിയിക്കണമെന്നും നിർദേശമുണ്ട്.
സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ പുരുഷ യാത്രക്കാർക്ക് പ്രത്യേക ടിക്കറ്റ് നൽകണം. അധിക ലഗേജുകൾക്ക് നിലവിലുള്ള ചാർജുകളും ഈടാക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
യാത്രക്കാരുടെ അറിവിലേക്ക്
സൗജന്യ യാത്ര നടത്തുമ്പോഴും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു ‘0’ ടിക്കറ്റ് എടുക്കേണ്ടതാണ്.
ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം.
നിങ്ങളുടെ കൂടെ 5 മുതൽ11 വയസ് വരെ ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം.
പുരുഷന്മാർ കൂടെ ഉണ്ടെങ്കിൽ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം
പുരുഷന്മാർ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ ആ കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് പറയുക.
സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറിയിൽ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.
സ്ത്രീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയുവാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും




