കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപത്തെ ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ദമ്പതികൾ ലഹരി ഉപയോഗത്തിന് അടിമകളാണെന്ന സംശയവും പൊലീസിന് ഉണ്ടായിട്ടുണ്ട്. തുടർന്ന് കുട്ടിയെ കാക്കനാടുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
എന്നാൽ പിറ്റേന്ന് രാവിലെ 24 വയസ്സുള്ള അച്ഛനും 21 വയസ്സുള്ള അമ്മയും ശിശുക്ഷേമ സമിതി ഓഫീസിലെത്തി കുട്ടിയെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ മാതാപിതാക്കളോടൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ച് ഈ അപേക്ഷ അംഗീകരിച്ചില്ല.
പിന്നീട് അമ്മയുടെ സ്വദേശമായ പാലക്കാട് ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയും, ബുധനാഴ്ച ഉച്ചയോടെ എറണാകുളം ജില്ലാ അധികൃതർ കുട്ടിയെ അവിടത്തെ അധികൃതർക്ക് കൈമാറുകയും ചെയ്തു.
കുട്ടിയുടെ ബന്ധുക്കളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. സുരക്ഷിതമാണെന്ന് ഉറപ്പായ ശേഷമേ തുടർ കൈമാറ്റ നടപടികൾ സ്വീകരിക്കൂവെന്നും അധികൃതർ അറിയിച്ചു. മലപ്പുറം സ്വദേശിയാണ് കുട്ടിയുടെ അച്ഛൻ. ദമ്പതികൾക്ക് നിയമപരമായ വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.




