കാസർകോട്: മേൽപ്പറമ്പിൽ 16 വയസുകാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 25കാരിയായ സ്നേഹം മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന സ്‌നേഹ. ഒരു വർഷത്തോളം കുടുംബത്തോടൊപ്പം താമസിച്ചിരുന്നതായി അന്വേഷണത്തിൽ പറയുന്നു. ഈ സമയത്താണ് പലതവണ പീഡനം നടന്നതെന്നാണ് മൊഴി.
അമ്മ വീട്ടിലുണ്ടായിരുന്നപ്പോഴും പീഡനം നടന്നതായി പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ജയിലിൽ വെച്ച് പെൺകുട്ടിയുടെ അമ്മയും സ്‌നേഹയും പരിചയപ്പെട്ടതായും റിപ്പോർട്ടുണ്ട്. അമ്മ ലഹരി വിൽപ്പന കേസിൽ പ്രതിയായിരുന്നു, അതേസമയം സ്‌നേഹ മറ്റൊരു പോക്‌സോ കേസിൽ ജയിലിലായിരുന്നു.
ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ നേരത്തെ തന്നെ പോക്‌സോ കേസിൽ അറസ്റ്റിലായി ജയിലിലാണ്. ഈ കേസിൽ അമ്മയെ കൂടി പ്രതി ചേർത്തിട്ടുണ്ട്. പീഡന വിവരം അറിഞ്ഞിട്ടും പുറത്തു പറഞ്ഞില്ലെന്നതാണ് ആരോപണം. കേസിന് പിന്നാലെ പെൺകുട്ടിയെ നീലേശ്വരം ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഇവിടെ നടന്ന കൗൺസിലിങ്ങിനിടെയാണ് അച്ഛനൊപ്പം സ്‌നേഹയും പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്. നിലവിൽ സ്‌നേഹ ഒളിവിലാണെന്നും പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്നും അറിയിച്ചു. നേരത്തെയും കണ്ണൂരിൽ രണ്ട് കുട്ടികളെ പീഡിപ്പിച്ച പോക്‌സോ കേസിൽ സ്‌നേഹ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.





