ഇടുക്കി: പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17 വയസ്സുകാരനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി സ്വദേശിയായ വിദ്യാർത്ഥിയെയാണ് മോഷണക്കുറ്റം ആരോപിച്ച് ചൂരലുകൊണ്ട് മർദിച്ചത്.
മാനേജർ അടക്കം മൂന്ന് പേരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്. റെജി, ബെന്നി, സിജോ എന്നിവരാണ് നിലവിൽ പ്രതിപ്പട്ടികയിൽ ഉള്ളത്. സ്ഥാപന ഉടമയെ ഇതുവരെ പ്രതി ചേർത്തിട്ടില്ല.
പഠനവും ജോലിയും വാഗ്ദാനം ചെയ്ത് മൂന്ന് മാസം മുൻപ് സ്ഥാപനത്തിലെത്തിച്ച ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർത്ഥിയെയാണ് മർദിച്ചതെന്നാണ് ആരോപണം. പഠനം നടക്കാതെ വന്നതോടെ ജോലികൾ ചെയ്യിപ്പിച്ചതിനെ കുട്ടി ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പരാതി.
കട്ടപ്പന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പത്തനംതിട്ട പൊലീസിന് കൈമാറും. സ്ഥാപനത്തിൽ വിശദ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. മണ്ണെടുപ്പ്, കല്ലുചുമട് കൂടാതെ പ്രായമായ ആളുകളെ കുളിപ്പിക്കുക തുടങ്ങിയ ജോലികളാണ് കുട്ടിക്ക് അവിടെ ചെയ്യേണ്ടി വന്നതെന്ന് പരായില്‍ പറയുന്നുണ്ട്.
സ്ഥാപനത്തിൽ താമസിക്കുന്ന മറ്റ് കുട്ടികളും കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി കുട്ടി മൊഴി നൽകി. ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടെന്നും വീട്ടിലേക്ക് ഫോൺ വഴി വിവരം അറിയിച്ചതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടിട്ടുണ്ട്. സ്ഥാപനത്തെക്കുറിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതിനെ തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം പരിശോധന നടത്തി. വിവാദങ്ങള്‍ കനക്കുമ്പോഴും സ്ഥാപന ഉടമ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.






