അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്കറ്റുകൾ കണ്ടെത്തിയത്.
വിമാന എഞ്ചിനിയർമാരുടെ സഹായത്തോടെ നടത്തിയ വിശദ പരിശോധനയിലാണ് ടോയ്ലറ്റ് സ്പീക്കർ ബോക്സ് തുറന്ന് പരിശോധിച്ചത്. കറുത്ത ടേപ്പിൽ പൊതിഞ്ഞ രണ്ട് പാക്കറ്റുകളിൽ നിന്നായി വിദേശ നിർമ്മിതമായ 24 എണ്ണം 24 കാരറ്റ് സ്വർണ ബിസ്കറ്റുകൾ കണ്ടെത്തി.
ആകെ 2,799.3 ഗ്രാം (ഏകദേശം 2.8 കിലോ) സ്വർണമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണത്തിന്റെ വിപണി വില 4.26 കോടി രൂപയാണെന്ന് അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരോ വിമാന ജീവനക്കാരോ സ്വർണത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. അതിനാൽ കസ്റ്റംസ് നിയമപ്രകാരം ഇത് അവകാശികളില്ലാത്ത സ്വർണമായി കണക്കാക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






