തൃശ്ശൂർ: നാട്ടികയിൽ ലഹരി വിൽപ്പന കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കഴിമ്പ്രം സ്വദേശി നന്ദുകൃഷ്ണ (21) ആണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതിന് മുമ്പ് നാട്ടിക ബീച്ച് സ്വദേശി വിഷ്ണു (37) വൻ ലഹരി ശേഖരവുമായി മാർച്ച് 9ന് പിടിയിലായിരുന്നു. വിഷ്ണുവിന്റെ വീട്ടിൽ നിന്ന് ആറര കിലോ കഞ്ചാവും വടിവാളുകൾ, കത്തി, എയർഗൺ, ഡിജിറ്റൽ ത്രാസ് എന്നിവയും പോലീസ് കണ്ടെടുത്തിരുന്നു.
മീൻ പിടിത്തക്കാരനായി നടിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കഞ്ചാവ് വിൽക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. തുടർ അന്വേഷണത്തിൽ വിഷ്ണുവിന് കഞ്ചാവ് എത്തിച്ചു നൽകിയ വലപ്പാട് സ്വദേശി മുഹമ്മദ് ഷെജി (30) മാർച്ച് 14ന് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. വലപ്പാട് പോലീസും പ്രത്യേക സംഘവും ചേർന്നാണ് അന്വേഷണം തുടരുന്നത്.






