റിയാദ്: സൗദി അറേബ്യയിലെ സുരക്ഷാ സേനയുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളൾ സംയുക്ത പരിശോധനകൾ നടത്തിയെതിനെത്തുടർന്ന് 23,094 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് 13,604 പേർ താമസനിയമം ലംഘിച്ചവരും, 4,816 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരുമായിരുന്നുവെന്നും, 4,674 പേർ തൊഴിൽ നിയമം ലംഘിച്ചതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറസ്റ്റിലായവരിൽ 22,989 പേരെ അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് യാത്രാ രേഖകൾക്കായി റഫർ ചെയ്തു. 3,568 പേർക്ക് യാത്രാ നടപടികൾ പൂർത്തിയാക്കാൻ സഹായം ലഭിച്ചു, 13,725 പേരെ നാടുകടത്തി.
അനധികൃത അതിർത്തി കടത്താൻ ശ്രമിച്ചവരിൽ 2,061 പേർ അറസ്റ്റിലായി. ഇവയിൽ 43 ശതമാനം യെമൻ പൗരന്മാരും, 56 ശതമാനം എത്യോപ്യൻ പൗരന്മാരും, 1 ശതമാനം മറ്റു രാജ്യക്കാരുമാണ്. നിയമലംഘകർക്ക് താമസ, തൊഴിൽ, യാത്രാ സൗകര്യം നൽകിയത് സംബന്ധിച്ച് 17 പേരെ കൂടി പിടികൂടിയിട്ടുണ്ട്.
ഇപ്പോൾ രാജ്യത്ത് 31,614 നിയമലംഘകർ നിയമ നടപടികൾ നേരിടുന്നുണ്ട്. ഇതിൽ 29,933 പുരുഷന്മാരും 1,681 സ്ത്രീകളും ഉൾപ്പെടുന്നു. അനധികൃത പ്രവേശനം സുഗമമാക്കുക, അതിർത്തി കടത്തുക, താമസ സൗകര്യം നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള നടപടി 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാലിന്റെ പിഴയും ചുമത്തും. ഇത്തരം കേസുകൾ കണ്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911, മറ്റ് പ്രദേശങ്ങളിൽ 999, 996 നമ്പറുകളിൽ പരാതി നൽകാൻ പൊതുജനങ്ങളെ ആഹ്വാനം ചെയ്തു.




