കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലക്കാട്ടെ സംഭവവികാസങ്ങൾ കേരളമാകെ വീക്ഷിക്കുകയാണ്. ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതുമായി ബന്ധപ്പെട്ടാണ് സംഘർഷങ്ങൾ ആരംഭിക്കുന്നത്. ആരെയും അറിയിക്കാതെ രഹസ്യമായി പേരിട്ട് തറക്കല്ല് ഇടീലിലേക്ക് വന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി വരികയായിരുന്നു.
ചടങ്ങ് നടക്കുന്ന ഇടത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി എത്തുകയും തറക്കല്ല് ഇട്ട ഇടത്ത് വാഴ വെക്കുകയുമായിരുന്നു. ഇതിന് തൊട്ടുപിന്നാലെ നഗരസഭയിലേക്കും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിന്റെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് കേരളമാകെ ആളിക്കത്തുന്ന തരത്തിലേക്ക് പാലക്കാട്ടെ ഹെഡ്ഗേവർ വിവാദം മാറുന്നത്.
ബിജെപിയുടെ പുതിയ ജില്ലാ അധ്യക്ഷന്റെ ചില അനാവശ്യ ഇടപെടലുകളും കൂടുതൽ വിവാദങ്ങളിലേക്ക് വഴിവെക്കുന്നതായിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളെ നഗരസഭയ്ക്ക് ഉള്ളിൽ പൊലീസ് അതിക്രമിച്ചത് അറിഞ്ഞ് സ്ഥലത്തെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് വാഹനം തടയുകയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ പുറത്തിറക്കുകയും ചെയ്തു. പിന്നീട് അങ്ങോട്ട് സംഘപരിവാറും യൂത്ത് കോൺഗ്രസും പരസ്പരം നേരിട്ട് ഏറ്റുമുട്ടുന്ന രംഗങ്ങളാണ് പാലക്കാട്ട് കാണുവാൻ കഴിഞ്ഞത്. ബിജെപിയുടെ നേതാക്കൾ ഒന്നടങ്കം എംഎൽഎക്കും യൂത്ത്കോൺഗ്രസിനും എതിരെ രംഗത്തുവന്നു. തുടർന്ന് കഴിഞ്ഞദിവസം രാവിലെ എംഎൽഎ ഓഫീസിലേക്ക് നടത്തിയ ബിജെപി മാർച്ചിൽ കൊലവിളി പ്രസംഗമാണ് ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറി നടത്തിയത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ തല വെട്ടിക്കളയും എന്നടക്കമുള്ള വെല്ലുവിളി പ്രസംഗമാണ് ബിജെപിക്കാർ നടത്തിയത്. അപ്പോഴും തല പോയാലും സംഘപരിവാറിനെതിരായ തന്റെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന മറുപടിയാണ് രാഹുൽ പങ്കുവെച്ചത്. ഇത് ബിജെപി നേതൃത്വത്തെ കൂടുതൽ പ്രകോപിപ്പിക്കുന്നതായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വീണ്ടും ഭീഷണിയും വെല്ലുവിളിയും തുടരുകയായിരുന്നു.
അപ്പോഴൊക്കെയും കൃത്യമായ രാഷ്ട്രീയം പറഞ്ഞുകൊണ്ട് പരിപൂർണ്ണമായും സംഘപരിവാറിനെ എതിർക്കുന്ന സമീപനമാണ് എംഎൽഎയും യൂത്ത് കോൺഗ്രസും സ്വീകരിച്ചത്. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണം ആകുന്നത് വൈകുന്നേരം യൂത്ത്കോൺഗ്രസ് ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയതോടുകൂടിയാണ്. പൊലീസ് മാർച്ച് തടയുകയും യൂത്ത് കോൺഗ്രസ് നേതാക്കളെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സ്റ്റാഫ് അംഗങ്ങളെയും പൊലീസ് അകാരണമായി ആക്രമിക്കുകയും ചെയ്തു. മാത്രവുമല്ല വനിതാ പ്രവർത്തകർ കുറവായിരുന്ന മാർച്ചിൽ നിഗൂഢ ലക്ഷ്യങ്ങളോടെ വനിതാ പൊലീസുകാരെ തന്നെ രംഗത്തിറക്കിയതും വ്യാപക വിമർശനത്തിന് വഴിവെച്ചു.
യാതൊരു പ്രകോപനവും കൂടാതെ വനിതാ പൊലീസുകാർ ഉൾപ്പെടെ യൂത്ത് കോൺഗ്രസുകാരെ ആക്രമിക്കുകയായിരുന്നു. സ്ഥലം എംഎൽഎയ്ക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ കൊലവിളി പ്രസംഗവും എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയവർക്കെതിരെ യാതൊരു നടപടിയും എടുക്കാത്തപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാത്രം പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചതെന്ന് ഓർക്കണം. ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിനോട് മുഖം അടിച്ചു തകർക്കുമെന്ന് മാർച്ചിൽ മുൻപേ പൊലീസുകാർ പറഞ്ഞതും വലിയ പ്രതിഷേധത്തിന് ഇടയാക്കി.
പ്രതിഷേധിച്ച് പ്രവർത്തകരെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയാണ് സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. അവിടേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കൂടി വന്നതോടെ പ്രതിഷേധം കനത്തു. കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടിച്ചതോടെയാണ് പൊലീസ് സംയമനം പാലിച്ചത്. പിന്നീട് എസ് പി സ്ഥലത്ത് എത്തുകയും പൊലീസ് നടപടികൾ പരിശോധിക്കാം എന്ന് ഉറപ്പു നൽകിയതോടെയും ആണ് പ്രശ്നങ്ങൾക്ക് താത്കാലിക വിരാമമാകുന്നത്.
അതേസമയം പാലക്കാട്ടെ ബിജെപിക്കെതിരെ പ്രതിഷേധങ്ങളിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ മൗനവും വിവാദങ്ങൾക്ക് വഴിവെക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടിനും പ്രവർത്തകർക്കും എതിരെ തുടർച്ചയായി സംഘപരിവാർ ഭീഷണികൾ നിലനിൽക്കുമ്പോഴും ജില്ലാ കോൺഗ്രസ് കമ്മിറ്റി യാതൊരുവിധ പ്രതിഷേധങ്ങളും ഇടപെടലുകളും നടത്താത്തതിൽ ഏവർക്കും അമർഷമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തി നിൽക്കുമ്പോൾ ഇത്തരം വിഷയങ്ങളിൽ ഇടപെടാത്ത രീതിയാണ് വിമർശനങ്ങൾക്ക് വിധേയമാകുന്നത്.
സമീപകാലത്ത് പാലക്കാട് നഗരത്തിലും ജില്ലയിലും സംഘപരിവാറിനും വിവിധ സർക്കാരുകൾക്കും എതിരെ വ്യാപക സമരങ്ങളാണ് നടന്നിട്ടുള്ളത്. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് നിരന്തരം കേസുകളിലും മറ്റ് അതിക്രമങ്ങൾക്കും ഇരയായത്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ തന്നെ എടുത്തു നോക്കിയാൽ കെപിസിസി നേതൃത്വവും പ്രമുഖ നേതാക്കളും യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് പിന്തുണയുമായി വന്നപ്പോഴും ജില്ലയിലെ കോൺഗ്രസ് നേതൃത്വം പ്രതിഷേധങ്ങൾ കണ്ടില്ലെന്ന മട്ടിലാണ്. പാലക്കാട് നഗരസഭാ ഭരണത്തിൽ ഉള്ളത് നിലവിൽ ബിജെപിയാണ്.
വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ തരംഗത്തിന് സാധ്യതയുള്ളപ്പോഴാണ് ജില്ലാ കോൺഗ്രസിനെ നേതൃത്വത്തിന്റെ ഈ മൗനം. സംഘപരിവാറിനെതിരെ സമരങ്ങൾ നടത്താതെ ഇരിക്കുകയും, പോരാട്ട മുഖത്ത് സജീവമായ യൂത്ത് കോൺഗ്രസുകാർക്ക് പിന്തുണ നൽകാതെ ഇരിക്കുകയും ചെയ്യുന്നതിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തോട് ജില്ലയിലെ പ്രവർത്തകർക്കും കടുത്ത എതിർപ്പുണ്ട്. അതേസമയം, വരും ദിവസങ്ങളിലും ബിജെപിക്കെതിരായ സമരവും നിലപാടുകളും കൂടുതൽ കടുപ്പിക്കുവാൻ ഒരുങ്ങുകയാണ് ജില്ലാ യൂത്ത് കോൺഗ്രസ് നേതൃത്വം.










