2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അതുപോലെ ബിജെപിയ്ക്കും വളരെ നിർണായകമാണ്. ഭരണം തുടരാൻ ഇടതുപക്ഷവും ഭരണം നേടിയെടുക്കാൻ പ്രതിപക്ഷവും കരുത്തു തെളിയിക്കാൻ ബിജെപിയും തയ്യാറെടുക്കുകയാണ്.
കോൺഗ്രസ് പുതിയ കെപിസിസി സംഘടന ചുമതല ഒക്കെയായി പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. താഴെത്തട്ടിൽ മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു തുടങ്ങിയിരിക്കുന്നു.
തെരഞ്ഞെടുപ്പ് വേളകളിൽ ഏറ്റവും അധികം കേൾക്കുന്ന പേരാണ് സുനിൽ കനഗോലുവിന്റേത്. കോൺഗ്രസ് ഹൈക്കമാന്റെ ഏറ്റവും വിശ്വസ്തനായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് സുനിൽ കനഗോലു. കർണാടകയിലെ കോൺഗ്രസിന് അവിസ്മരണീയമായ അധികാര വിജയം നൽകിയ ബുദ്ധി കേന്ദ്രം സുനിൽ കനഗോലുവാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ സുനിൽ കനഗോലുവിനെ തന്നെ കളത്തിലിറക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കേരളത്തിൽ അടക്കം പിസിസികൾ പുനഃസംഘടിപ്പിക്കണമെന്ന് റിപ്പോർട്ട് നൽകിയ രാഷ്ട്രീയ തന്ത്രജ്ഞൻ കൂടിയാണ് സുനിൽ കനഗോലു.

കർണാടകയിലെ ബെല്ലാരി സ്വദേശികളാണ് കനഗോലുവിന്റെ കുടുംബം. എന്നാൽ ജനിച്ചതും വളർന്നതും ചെന്നൈയിലാണ്. പഠനത്തിൽ മിടുക്കനായിരുന്നു കനഗോലുവിന്റെ ഉന്നത പഠനം യുഎസിൽ ആയിരുന്നു. അവിടെത്തന്നെയുള്ള ബഹുരാഷ്ട്ര മാനേജ്മെന്റ് കമ്പനിയിൽ പ്രവർത്തിച്ചെങ്കിലും ഒരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ആവുക എന്നതായിരുന്നു സുനിലിന്റെ ലക്ഷ്യം. അങ്ങനെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ കൂടെ ചേർന്നു പ്രവർത്തിച്ചു എന്നാൽ സ്വന്തമായി പ്രവർത്തിക്കണമെന്ന് തീരുമാനം എടുത്ത കാലത്താണ് ഡിഎംകെ നേതാവായ എം കെ സ്റ്റാലിന്റെ സന്ദേശം എത്തുന്നത്.
2016ലെ തമിഴ്നാട് തെരഞ്ഞെടുപ്പ് അങ്ങനെ സുനിൽ കനഗോലുവിന്റെ നിയന്ത്രണത്തിൽ ആയി. തമിഴ്നാട്ടിലെ ഓരോ സാധാരണക്കാരുടെ ഹൃദയത്തിലും എം കെ സ്റ്റാലിന്റെ പേര് പതിപ്പിച്ച തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ആയിരുന്നു അത്. നമുക്ക് നാമെ എന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിലൂടെ സ്റ്റാലിന്റെ ഇമേജ് വാനോളമുയർത്തിയ ബുദ്ധികേന്ദ്രവും കനഗോലുവിന്റെതായിരുന്നു.
പിന്നീട് 2018 ൽ അമിത് ഷാ കനഗോലു കൂടിക്കാഴ്ചയോടെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക തെരഞ്ഞെടുപ്പുകളുടെ ക്യാമ്പയിൻ ആയിരുന്നു കനഗോലുവിന്റെ പിന്നീടുള്ള ദൗത്യം. 2019 വീണ്ടും ഡിഎംകെ ക്യാമ്പിലേക്ക് മടങ്ങി. എന്നാൽ 2021ലെ തമിഴ്നാട് തെരഞ്ഞെടുപ്പിൽ സുനിൽ മാറി പകരം പ്രശാന്ത് കിഷോർ ആയി താരം. ഈ കാലയളവിൽ ആണ് കോൺഗ്രസ് ഹൈക്കമാൻഡ് സുനിൽ കനഗോലു എന്ന പേര് ചർച്ചചെയ്യാൻ ആരംഭിച്ചത്. പിന്നീട് കർണാടക അസംബ്ലി ഇലക്ഷന്റെ ചുമതല അങ്ങനെ കനഗോലുവിന്റെ കൈകളിലായി.കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ എത്തുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉണ്ടായ വിജയം അല്ല. മറിച്ച് കാലങ്ങളുടെ കാത്തിരിപ്പിൽ വ്യക്തമായ കൃത്യമായ തന്ത്രത്തോടെയുള്ള കനഗോലുവിന്റെ ആസൂത്രണം ആയിരുന്നു.

കർണാടക കൈപ്പിടിയിൽ ഒതുക്കിയതോടെ കോൺഗ്രസിന് കനഗോലു വളരെ വേണ്ടപ്പെട്ട ആളായി മാറി. അങ്ങനെ 2023 രാഹുൽഗാന്ധിയുടെ ഭാരത ജോഡോ യാത്രയുടെ ആസൂത്രണത്തിൽ വരെ അത് എത്തി. ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ മുഖം ആകെ മാറ്റിയിരുന്നു. അങ്ങനെ രാഹുൽഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായി കനഗോലു മാറി. അങ്ങനെ കേരളത്തിൽ എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിന്റെ പ്രത്യേകത നിർദ്ദേശപ്രകാരം നേതാക്കളുടെ സ്വീകാര്യതയുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിൽ മധ്യകേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ജാഗ്രത വേണം എന്ന് കനഗോലു നിർദ്ദേശിച്ചു.

കനകോലുവിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയതും പുതിയ നേതൃത്വത്തിന് ചുമതല കൈമാറിയതും. കൂടാതെ 10 ഡിസിസികളിൽ മാറ്റങ്ങൾ വേണമെന്നും കനഗോലു നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ കോൺഗ്രസിന്റെ താഴെത്തട്ടിൽ ഉള്ള സംഘടനാ ദുർബലതയും നേതാക്കൾ തമ്മിലുള്ള അനൈക്യവും നേരത്തെ തന്നെ കനഗോലു വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങളാണ്. അങ്ങനെ പാർട്ടിയെ ശക്തിപ്പെടുത്തേണ്ട ആവശ്യകത വ്യക്തമാക്കിയും മാറ്റങ്ങൾ ഏതൊക്കെ തരത്തിലാണ് വേണ്ടതെന്ന് അടയാളപ്പെടുത്തിയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കനഗോലു കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ വിജയം ആവർത്തിച്ച് ചരിത്രമുള്ള കനഗോലു കേരളത്തിലേക്ക് വരുമ്പോൾ അത് തെരഞ്ഞെടുപ്പിന് കൂടുതൽ ദൃഢത നൽകും.




