ചെന്നൈ: സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് പണം തിരിച്ചുപിടിച്ച് നല്‍കേണ്ടത് അന്വേഷണ എജന്‍സിയാണെന്ന് മദ്രാസ് ഹൈക്കോടതി. നിക്ഷേപം ഇരട്ടിയാക്കാമെന്ന് വാഗ്ദാനംചെയ്ത് നിരവധിയാളുകളിൽനിന്നും കോടികള്‍ തട്ടിയെടുത്ത കമ്പനിയിലെ പണം തിരിച്ചുപിടിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയിലെ ഹേമലതയാണ് ഹര്‍ജി നല്‍കിയത്. ഈ കേസില്‍ വാദംകേള്‍ക്കവേയാണ് ജസ്റ്റിസ് ബി. പുകഴേന്തി നഷ്ടപ്പെട്ടപണം തിരിച്ചുപിടിച്ച് നല്‍കേണ്ടത് അന്വേഷണ എജന്‍സിയുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞത്.
2022-ല്‍ ഹേമലതയും മറ്റു ഒട്ടേറെപ്പേരും നിക്ഷേപത്തട്ടിപ്പിന് ഇരയായിരുന്നു. കേസ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ എജന്‍സിയാണ് അന്വേഷിച്ചത്. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കമ്പളിപ്പിക്കപ്പെടുന്നത് എംപിയായാലും ഐഎഎസ് ഉദ്യോഗസ്ഥനായാലും അവരുടെ പ്രതീക്ഷ അന്വേഷണ എജന്സിയിലാണെന്നും കോടതി പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഇക്കോണമിക് ഒഫന്‍സ് വിങ് തിരുച്ചിറപ്പള്ളിയിലെ നിക്ഷേപത്തട്ടിപ്പിന്റെ അന്വേഷണം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടിയുണ്ടാകണമെന്നും ജസ്റ്റിസ് പുകഴേന്തി നിര്‍ദേശിച്ചു.






