വാഷിംഗ്ടണ്‍: ട്രംപ് സെലന്‍സ്‌കി ഉച്ചകോടിയില്‍ സമാധാന പ്രഖ്യാപനമുണ്ടായില്ല. വൈറ്റ് ഹൗസില്‍ നടന്ന യുക്രൈയിന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് വന്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്. വെടിനിര്‍ത്തലടക്കമുള്ള പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയില്‍ ഉണ്ടായില്ല. അതേസമയം, യൂറോപ്യന്‍ രാജങ്ങളും അമേരിക്കയും പങ്കുവഹിച്ചുകൊണ്ട് യുക്രൈയ്‌ന് ഭാവിയില്‍ സുരക്ഷാ ഉറപ്പ് നല്‍കാന്‍ ധാരണയായി.
ഭൂമി വിട്ടുകൊടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സെലന്‍സ്‌കി-പുടിന്‍ നേര്‍ക്കുനേര്‍ കൂടിക്കാഴ്ച്ച ഒരുക്കുമെന്ന് ട്രംപ് അറിയിച്ചു. വേദിയുടെ കാര്യത്തില്‍ ധാരണയായില്ല. പിന്നീട് തീരുമാനിക്കും. ശേഷം, വെടിനിര്‍ത്തലടക്കം ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്ക – റഷ്യ – യുക്രെയ്ന്‍ ത്രികക്ഷി സമ്മേളനം നടത്തും. ചര്‍ച്ചള്‍ക്കിടെ 40 മിനിറ്റോളം ട്രംപ് പുടിനുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. എന്നാല്‍, റഷ്യയെ സമ്മര്‍ദത്തിലാക്കാന്‍ ആദ്യം വേണ്ടത് വെടിനിര്‍ത്തലാണെന്ന് വൈറ്റ് ഹൗസ് യോഗത്തില്‍ ജര്‍മനിയും ഫ്രാന്‍സും ആവശ്യപ്പെട്ടു.
ചര്‍ച്ചകള്‍ ഫലപ്രദമായാണ് അവസാനിച്ചതെന്ന് ട്രംപ് അറിയിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് സെലന്‍സ്‌കി നന്ദി അറിയിക്കുകയും ചെയ്തു. നേതാക്കളുടെ കൂടിക്കാഴ്ച സമാധാനത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്ന് യൂറോപ്യന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.






