ഡല്‍ഹി: മ്യാന്മറില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്ര രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ ഭാഗങ്ങളിലും അനുഭവപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 6.10 ഓടെയാണ് സംഭവം. മണിപ്പൂരിലെ ഉക്രുലില്‍ നിന്നും 27 കിലോമീറ്റര്‍ അകലെ 15 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
നാഗാലാന്റിലെ വോഖയില്‍ നിന്ന് 155 കിലോമീറ്റര്‍ അകലെയാണ് ഈ പ്രഭവ കേന്ദ്രം. ഇവിടെ നിന്ന് ദിമാപൂരിലേക്ക് 159 കിലോമീറ്ററും മോഖ്ചുങിലേക്ക് 177 കിലോമീറ്ററും മിസോറാമിലെ ഗോപയിലേക്ക് 171 കിലോമീറ്ററും ചംപായിലേക്ക് 193 കിലോമീറ്ററും ദൂരമുണ്ട്.
ചൊവ്വാഴ്ച രാത്രി 12.09 ഓടെ മഹാരാഷ്ട്രയിലെ സതാരയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കോലാപൂറില്‍ നിന്ന് 91 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് കണ്ടെത്തിയത്. തൊട്ടുപിന്നാലെ അരുണാചല്‍ പ്രദേശിലെ പാങ്ഗിനില്‍ നിന്ന് 227 കിലോമീറ്റര്‍ അകലെയുള്ള തിബറ്റിലെ സ്ഥലത്ത് പുലര്‍ച്ചെ 4.28 ന് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്ര രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ഇതിന് ശേഷമാണ് മ്യാന്മറിലും ഭൂകമ്പം അനുഭവപ്പെട്ടത്.










