ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ തമിഴക വെട്രി കഴകം നേതാക്കളായ മതിയഴകന്‍, പൗന്‍ രാജ് എന്നിവര്‍ റിമാന്‍ഡില്‍. കരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 14 വരെയാണ് റിമാന്‍ഡ് കാലാവധി. തമിഴക വെട്രി കഴകം കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍. കരൂര്‍ സെന്‍ട്രല്‍ സിറ്റി സെക്രട്ടറിയാണ് പൗന്‍രാജ്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പരിപാടിക്ക് അനുമതി തേടി കത്ത് നല്‍കിയ മതിയഴകനെ നേരത്തെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ടിവികെ യോഗത്തിനുള്ള ഫ്‌ലക്‌സും കൊടിതോരണങ്ങളും ക്രമീകരിച്ച പൗന്‍രാജാണ് ഒളിവില്‍ പോകാന്‍ മതിയഴകനെ സഹായിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഴുപ്പുറം ജില്ലയിലെ ടിവികെ ബ്രാഞ്ച് സെക്രട്ടറിമാരില്‍ ഒരാളായ വി.അയ്യപ്പന്‍ ദുരന്തത്തില്‍ മനംനൊന്ത് ജീവനൊടുക്കി. ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയാണ് അപകടത്തിന് കാരണക്കാരന്‍ എന്ന് ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പും പുറത്തുവന്നു.
ടിവികെ നേതാക്കളായ ബുസി ആനന്ദും നിര്‍മല്‍ കുമാറും മുന്‍കൂര്‍ ജാമ്യത്തിന് മധുര ബെഞ്ചില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.




