ചണ്ഡിഗഢ്: പ്രശസ്ത ബോഡിബിൽഡറും നടനുമായ വരുണീന്ദർ സിംഗ് ഘുമൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വ്യാഴാഴ്ച അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെയാണ് അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്ന് മാനേജർ യാദ്‌വിന്ദർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
വൈകുന്നേരമാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതെന്ന് ഘുമന്റെ മരുമകൻ അമൻജോത് സിംഗ് ഘുമൻ ജലന്ധറിൽ വെച്ച് വ്യക്തമാക്കി. ആറ് അടി രണ്ട് ഇഞ്ച് ഉയരമുള്ള ഘുമൻ 2009ൽ മിസ്റ്റർ ഇന്ത്യ പട്ടം നേടുകയും മിസ്റ്റർ ഏഷ്യ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. വെജിറ്റേറിയൻ ബോഡിബിൽഡർ എന്നറിയപ്പെടുന്ന ഘുമൻ, ഫിറ്റ്‌നസ് രംഗത്തെ ഏറ്റവും ശ്രദ്ധേയരിലൊരാളായിരുന്നുവെന്ന് ഇൻഡസ്ട്രിയിലെ സഹപ്രവർത്തകർ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ വർക്ക്ഔട്ട് വീഡിയോകൾ സ്ഥിരമായി പങ്കുവെച്ച് ഫിറ്റ്‌നസ് പ്രേമികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനോടൊപ്പം 2023-ൽ പുറത്തിറങ്ങിയ ടൈഗർ 3 എന്ന ചിത്രത്തിൽ വരുണീന്ദർ ഘുമൻ അഭിനയിച്ചിട്ടുണ്ട്. അതിന് മുമ്പ്, 2014-ൽ പുറത്തിറങ്ങിയ റോർ: ടൈഗേഴ്സ് ഓഫ് സുന്ദർബൻസ്, 2019-ലെ മർജാവൻ എന്ന ചിത്രങ്ങളിലും അദ്ദേഹത്തെ കാണാനുണ്ടായിരുന്നു. പഞ്ചാബി സിനിമയായ കബഡി വൺസ് എഗെയ്ൻ (2012) എന്ന ചിത്രത്തിലൂടെയും അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.






