കണ്ണൂർ: ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളിയായ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. ബംഗളൂരുവിലെ ഹെബ്രാൽ ആസ്റ്റർ സി.എം.ഐ. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
1972 ലെ മ്യൂണിക് ഒളിംപിക്‌സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഗോളിയായി മാനുവൽ ഫ്രെഡറിക് സേവനമനുഷ്ഠിച്ചിരുന്നു. 1978-ൽ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നടന്ന ഹോക്കി ലോകകപ്പിലും മാനുവൽ ഫ്രെഡറിക് ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായി മികച്ച പ്രകടനം കാഴ്ചവെച്ചു.
കായികരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2019-ൽ രാജ്യം ധ്യാൻചന്ദ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു. ഏഴു വർഷം ഇന്ത്യൻ ജഴ്‌സി അണിഞ്ഞ് കളിച്ച ഫ്രെഡറിക്, 16 ദേശീയ ചാമ്പ്യൻഷിപ്പുകൾ ടൈബ്രേക്കറിൽ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു.
ഫുട്ബോളിൽ സ്ട്രൈക്കറായും ഹോക്കിയിൽ ഗോൾകീപ്പറായും തുടക്കം കുറിച്ച മാനുവൽ ഫ്രെഡറിക്, കണ്ണൂർ ബിഇഎം സ്കൂളിലെ ഫുട്ബോൾ ടീമിലൂടെയാണ് കായികരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് സെന്റ് മൈക്കിൾസ് സ്കൂൾ ടീമിലൂടെയാണ് ഹോക്കിയിൽ സജീവമായത്.
17-ാം വയസ്സിൽ ബോംബെ ഗോൾഡ് കപ്പിൽ കളിച്ച അദ്ദേഹം, 1971-ൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി ആദ്യ രാജ്യാന്തര മത്സരത്തിൽ പങ്കെടുത്തു. ബെംഗളൂരു ആർമി സർവീസ് കോർപ്പിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്.




