തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ ‘ചികിരി ചികിരി’ ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്.
ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാല്‍ ആണ്. സിജുമോന്‍ തുറവൂര്‍ ആണ് ഗാനത്തിന് വരികള്‍ രചിച്ചത്.
ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാര്‍ച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.
നായകന്‍ രാം ചരണിന്റെ ഗംഭീര നൃത്തരംഗങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. കയ്യില്‍ ക്രിക്കറ്റ് ബാറ്റും പിടിച്ചു കൊണ്ടുള്ള രാം ചരണിന്റെ കിടിലന്‍ നൃത്തച്ചുവട് യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറുമെന്നുറപ്പ്.
നായികാ വേഷം ചെയ്യുന്ന ജാന്‍വി കപൂറും സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും ഇപ്പോള്‍ പുറത്ത് വന്ന വീഡിയോയുടെ ഭാഗമാണ്. ജാനി മാസ്റ്റര്‍ ആണ് ഈ ഗാനത്തിന് വേണ്ടി നൃത്ത സംവിധാനം നിര്‍വഹിച്ചത്.
അച്ചിയമ്മ എന്ന് പേരുള്ള കഥാപാത്രമായാണ് ജാന്‍വി ചിത്രത്തില്‍ വേഷമിടുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ഗ്ലിമ്പ്‌സ് എന്നിവയും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ചിത്രത്തിനായി വമ്പന്‍ ശാരീരിക പരിവര്‍ത്തനമാണ് രാം ചരണ്‍ നടത്തിയത് എന്നത് ഗാനരംഗത്തിലൂടെയും വ്യക്തമായി കാണാന്‍ സാധിക്കും. ബ്രഹ്‌മാണ്ഡ കാന്‍വാസില്‍ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ രാം ചരണിനെ ഇതുവരെ പ്രേക്ഷകര്‍ കാണാത്ത മാസ്സ് അവതാരമായി എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍.
ഒന്നിലധികം വ്യത്യസ്ത ലുക്കുകളിലാണ് രാം ചരണ്‍ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.
വമ്പന്‍ ബഡ്ജറ്റില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അഭൂതപൂര്‍വമായ നിലവാരത്തിലാണ് ഈ ചിത്രം സംവിധായകന്‍ ബുച്ചി ബാബു സന ഒരുക്കുന്നത്. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, നിര്‍മ്മാണം – വെങ്കട സതീഷ് കിലാരു, ബാനര്‍ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസര്‍ – ഇഷാന്‍ സക്‌സേന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി. വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം – രത്‌നവേലു, സംഗീതം – എ ആര്‍ റഹ്‌മാന്‍, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ – അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ – ശബരി


