തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം തുടര്‍വാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞില്ല. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്. വാദപ്രതിവാദങ്ങള്‍ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതല്‍ രേഖകള്‍ ഹാജാരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മറ്റു തെളിവുകള്‍ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു. നിലവില്‍ 7 ദിവസമായി രാഹുല്‍ ഒളിവില്‍ തുടരുകയാണ്.
ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തില്‍ കോടതി തീര്‍പ്പ് പറഞ്ഞില്ല. അറസ്റ്റിന് തടസ്സമില്ലെങ്കിലും ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും.



