തൃശൂർ: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിന് പിന്നാലെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസ് രാജി പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുൻ ഡിസിസി സെക്രട്ടറി ടിഎം ചന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്‍റെ ഭാഗമായി രാജി പ്രഖ്യാപിച്ചത്.
വൈസ് പ്രസിഡന്‍റിന്റെ രാജിക്കത്ത് കെപിസിസിക്ക് കൈമാറുമെന്നും, പഞ്ചായത്ത് പ്രസിഡന്‍റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായതിനാല്‍ രാജിവെക്കില്ലെന്ന് ടെസി ജോസ് അറിയിച്ചതായും ടി.എം. ചന്ദ്രന്‍ പറഞ്ഞു. കെപിസിസി നിര്‍ദേശിക്കുന്നതനുസരിച്ച് പൂര്‍ണ മനസോടെയാണ് രാജിവെക്കുന്നതെന്നും, രാജിവെക്കരുതെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും നൂര്‍ജഹാൻ നവാസ് പറഞ്ഞു. പാര്‍ട്ടിയെ ധിക്കരിക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പ് നല്‍കിയിരുന്നുവെന്നും, തങ്ങളുടെ ആവശ്യങ്ങള്‍ കെപിസിസി ഇതുവരെ നിരാകരിച്ചതായി അറിഞ്ഞിട്ടില്ലെന്നും വിമത അംഗങ്ങള്‍ വ്യക്തമാക്കി.
മറ്റത്തൂരില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടത് ഗുണ്ടാ നേതാവാണെന്ന് ടി.എം. ചന്ദ്രന്‍ ആരോപിച്ചു. കൊടകര റഷീദിന്റെ ആവശ്യപ്രകാരം ഡിസിസി നേരിട്ട് മൂന്ന് പേര്‍ക്ക് ചിഹ്നം അനുവദിച്ചുവെന്നും, പ്രശ്നം പരിഹരിക്കാന്‍ ഡിസിസിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വലിയ പീഡനം നേരിട്ടുവെന്നും, ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ചന്ദ്രന്‍ വ്യക്തമാക്കി.
ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ആറുമാസത്തിന് ശേഷം മാത്രമുണ്ടാകുമെന്നും, അക്കാര്യം അന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തായതിനാല്‍ പ്രതികരിക്കാനാവില്ലെന്നും, താന്‍ സാഹചര്യങ്ങളുടെ അടിമയാണെന്നും, തൃശൂരില്‍ യുഡിഎഫ് തരംഗം ഉണ്ടാകാത്തതിന്റെ കാരണം പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്നും ടി.എം. ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.




