ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിക്ക് സിബിഐ സമൻസ് അയച്ചു. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ ഹാജരായി ചോദ്യം ചെയ്യലിന് വിധേയനാകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട മുൻ അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ നടപടി.
തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്ന നീക്കമായാണ് സമൻസ് വിലയിരുത്തപ്പെടുന്നത്. നേരത്തെ, കരൂർ ദുരന്തക്കേസിൽ തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ടിവികെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് വിജയ് തന്നെയായിരുന്നു.
വിജയ് രൂപീകരിച്ച ടിവികെ പാർട്ടിയുടെ പ്രചാരണ റാലിക്കിടെയാണ് 2025 സെപ്റ്റംബർ 27ന് കരൂരിൽ വൻ ദുരന്തം ഉണ്ടായത്. റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. വിജയ് എത്താൻ വൈകിയതും പൊലീസ് അനുവദിച്ചതിലധികം പേർ റാലിയിൽ പങ്കെടുത്തതുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.
മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം ആദ്യം സംസ്ഥാന പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.




