പാലക്കാട്: മൂന്നാമത്തെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്നലെ അർധരാത്രി 12.30ഓടെയാണ് പാലക്കാട്ടെ ഒരു ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണസംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എ.ആർ. ക്യാമ്പിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട ക്യാമ്പിൽ രാഹുലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.
സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസന്വേഷണം പുരോഗമിച്ചത്. ലോക്കൽ പൊലീസിലേക്ക് മുൻകൂട്ടി ഒരു വിവരവും കൈമാറിയിരുന്നില്ല. ക്യാമ്പ് പരിസരത്ത് കർശനമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മതിയായ തെളിവുകൾ ശേഖരിച്ച ശേഷമാണ് പൊലീസ് നടപടികളിലേക്ക് കടന്നതെന്നാണ് വിവരം.
അറസ്റ്റ് രേഖപ്പെടുത്തിയ വിവരം എംഎൽഎയുടെ അഭിഭാഷകരെ പൊലീസ് അറിയിച്ചിട്ടുണ്ട്. പാലക്കാട്ടെ കെപിഎം ഹോട്ടലിലെ മുറിയിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടൽ മുറി പൊലീസ് നിരീക്ഷണത്തിലാണുള്ളത്. എസ്.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പുതിയ കേസിലെ അന്വേഷണം പുരോഗമിക്കുന്നത്.






