മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ് . സ്വർണക്കൊള്ള കേസിനെ കേന്ദ്രവിഷയമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ പ്രസംഗം ആരംഭിക്കുകയും, അന്വേഷണത്തിനായി രൂപീകരിച്ച എസ്‌ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ഗുരുതര ആരോപണം ഉന്നയിക്കുകയും ചെയ്തു.
എന്നാൽ, പ്രതിക്കൂട്ടിലാകുമെന്ന് വ്യക്തമായതോടെ ശബരിമല വിഷയത്തിൽ ചർച്ചയ്‌ക്ക് തയ്യാറാകാതെ നിയമസഭയെ അലങ്കോലമാക്കി പ്രതിപക്ഷം ഒളിച്ചോടിയെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ‘സ്വർണം കട്ടവരാരപ്പ’ എന്ന ബാനറും പാട്ടുമായി സഭയിലെത്തിയ പ്രതിപക്ഷത്തിന് ‘കട്ടത് കോൺഗ്രസാണപ്പ’ എന്ന മറുപടിയോടെ കടുത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.
നന്ദിപ്രമേയ ചർച്ചയ്‌ക്കായി സഭ ചേർന്നതുമുതൽ തന്നെ പ്രതിപക്ഷം ബാനറും പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധം ശക്തമാക്കിയിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് നൽകിയാൽ ഏത് വിഷയവും സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ഭരണപക്ഷം പലവട്ടം വ്യക്തമായി അറിയിച്ചിട്ടും, ചർച്ചയ്‌ക്ക് തയ്യാറാകാതെ രാജിയെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ സംഘർഷപൂർണമായി തീർന്നു എന്നു തന്നെ പറയാം.






