മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ് . സ്വർണക്കൊള്ള കേസിനെ കേന്ദ്രവിഷയമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ പ്രസംഗം ആരംഭിക്കുകയും, അന്വേഷണത്തിനായി രൂപീകരിച്ച എസ്‌ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ഗുരുതര ആരോപണം ഉന്നയിക്കുകയും ചെയ്തു.
എന്നാൽ, പ്രതിക്കൂട്ടിലാകുമെന്ന് വ്യക്തമായതോടെ ശബരിമല വിഷയത്തിൽ ചർച്ചയ്‌ക്ക് തയ്യാറാകാതെ നിയമസഭയെ അലങ്കോലമാക്കി പ്രതിപക്ഷം ഒളിച്ചോടിയെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ‘സ്വർണം കട്ടവരാരപ്പ’ എന്ന ബാനറും പാട്ടുമായി സഭയിലെത്തിയ പ്രതിപക്ഷത്തിന് ‘കട്ടത് കോൺഗ്രസാണപ്പ’ എന്ന മറുപടിയോടെ കടുത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.
നന്ദിപ്രമേയ ചർച്ചയ്‌ക്കായി സഭ ചേർന്നതുമുതൽ തന്നെ പ്രതിപക്ഷം ബാനറും പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധം ശക്തമാക്കിയിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് നൽകിയാൽ ഏത് വിഷയവും സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ഭരണപക്ഷം പലവട്ടം വ്യക്തമായി അറിയിച്ചിട്ടും, ചർച്ചയ്‌ക്ക് തയ്യാറാകാതെ രാജിയെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ സംഘർഷപൂർണമായി തീർന്നു എന്നു തന്നെ പറയാം.
സ്വർണം കട്ടവരും വാങ്ങി വിറ്റവരും ഒറ്റ ഫ്രെയിമിൽ വന്നത് സോണിയ ഗാന്ധിയോടൊപ്പമാണെന്നും, കട്ടവരാരൊക്കെയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മറുപടി പറയണമെന്നും ഭരണപക്ഷം ശക്തമായി തിരിച്ചടിച്ചു. യുഡിഎഫിന്റെ പാട്ടിന് മറുപാട്ട് പാടിയതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ ചൂടുപിടിക്കുകയും, പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ തന്നെ അവർക്കെതിരായി തിരിച്ചുവന്ന അവസ്ഥയുണ്ടാവുകയും ചെയ്തു.
ഇപ്പോഴും ശബരിമല വിഷയം ഉയർത്തികൊണ്ട് പ്രതിപക്ഷ നേതാവ് രംഗത്തുണ്ട്. ഇന്നും പാരഡി പാട്ട് സഭയിൽ പാടിയാണ് പ്രതിപക്ഷം പ്രതിഷേധമറിയിച്ചത്.
സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയും തമ്മിലുള്ള ബന്ധം ചർച്ചചെയ്യാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്.
ആരാണ് പോറ്റിയെ സോണിയ ഗാന്ധിയുടെ വീട്ടിൽ കയറ്റിയത്? എന്ത് ഉദ്ദേശത്തിലായിരുന്നു അത്? ആരാണ് അവിടേക്ക് കൊണ്ടുപോയത്? കേരളത്തിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്ക് പോലും സാധിക്കാത്തത് എങ്ങനെയാണ് പോറ്റിക്ക് സാധിച്ചത്? എന്നുളള ചോദ്യങ്ങളെല്ലാം ഇപ്പോഴും ബാക്കിയാണ്. അടിയന്തര പ്രമേയത്തിലൂടെ ഈ വിഷയം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ടായിരുന്നു. എന്നിട്ടും പ്രതിപക്ഷം ഇത് ഉന്നയിക്കാതിരുന്നത് കുറ്റം ചെയ്തതുകൊണ്ടാണ്.
സ്വന്തം വീഴ്ച്ച മറച്ചുവെച്ച് സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനുളള തന്ത്രപാടിലാണ് നിലപാടപുകളുടെ രാജകുമാരൻ. ഇതൊന്നും കണ്ട് വീഴുന്നവരല്ല കേരളത്തിലെ ജനങ്ങൾ എന്നത് സതീശനും കൂട്ടാളികളും ഇനിയെങ്കിലും മനസ്സിലാക്കണം.
ചരമോപചാരം തുടങ്ങാൻപോലും അനുവദിക്കാതെയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഇടപെടൽ. ശൂന്യവേളയിലേക്ക് കടന്നതോടെ നടുത്തളത്തിൽ ഇറങ്ങി സ്‌പീക്കറുടെ മുഖംമറച്ച് ബാനർ ഉയർത്തി. ചട്ടം 50 ഉപയോഗിച്ച് ശബരിമല വിഷയം ചർച്ചചെയ്യാൻ മന്ത്രി എം ബി രാജേഷ് വെല്ലുവിളിച്ചു. ചർച്ച നടത്തിയപ്പോഴെല്ലാം പ്രതിപക്ഷം സഭയിൽനിന്ന് ഓടിപ്പോയ അനുഭവങ്ങളും ഓർമിപ്പിച്ചു.
15–ാം നിയമസഭയിൽ 17 അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്‌തെന്ന് സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. എന്തുകൊണ്ട് കോൺഗ്രസ് സോണിയ ഗാന്ധിയെക്കുറിച്ച് മിണ്ടുന്നില്ലെന്നായി മന്ത്രി ശിവൻകുട്ടി.
എന്തിനോ വേണ്ടിതിളയ്ക്കുന്ന സാമ്പാറുപോലെയാണ് ഇപ്പോൾ കോൺഗ്രസ്സ്. ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള പ്രഹസനമാണെങ്കിൽ തീർച്ചയായും ഇത് കോൺഗ്രസ്സിന് തന്നെ തിരിച്ചടിയാകുമെന്നതിൽ സംശയമില്ല.




