ഇന്ത്യൻ രാഷ്ട്രീയത്തിൽ വീണ്ടും ചലനം സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുൻപും എസ്എആർ നടപടിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും പ്രതിഷേധിച്ച് മമത രംഗത്തെത്തിയിരുന്നു. എന്നാൽ ആ പ്രതിഷേധം തുടരാനുള്ള നടപടികൾ ഉടനെ ആരംഭിക്കുകയാണ് മമത.
എസ്ഐആറിനെതിരെയുള്ള സംസ്ഥാനത്തെ പോരിനിടെയാണ് മമത ഡൽഹിയിലേക്ക് പ്രതിഷേധവുമായി തിരിക്കുന്നത്. സംസ്ഥാനത്തെ എസ്ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളിൽ മമത ബാനർജി അസ്വസ്ഥയാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യം ഉന്നയിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിരവധി കത്തുകൾ മമത അയച്ചിരുന്നു. എന്നാൽ അവരുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിൽ മമത തൃപ്തയല്ല. ഈ സാഹചര്യത്തിൽ പ്രതിഷേധം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നു.
എസ്‌ഐആറിനെതിരെ കൂടുതൽ വിപുലമായ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായാണ് മമത ഡൽഹിയിലേക്ക് എത്തുന്നതെന്നാണ് തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. പാർലമെന്റ് സമ്മേളനം നടക്കുന്ന സമയത്താകും മമതയുടെ ഡൽഹി പ്രതിഷേധമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നകുന്നത്.










