ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികളെ പൊലീസ് കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറി. സർക്കാർ ബസിൽ യാത്ര ചെയ്ത കുട്ടികളെ ചിത്രദുർഗ ജില്ലയിൽ നിന്നാണ് കണ്ടെത്തിയത്.
മാറത്തഹള്ളി അശ്വത് നഗർ സ്വദേശിയായ പതിമൂന്നുകാരി, ഒൻപത് വയസുള്ള ഇളയ സഹോദരനെയൊപ്പം ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് മൂന്നുമണിയോടെ വീടുവിട്ടിറങ്ങുകയായിരുന്നു. കൈവശം പണമില്ലാതിരുന്നെങ്കിലും ആധാർ കാർഡ് ഉണ്ടായിരുന്നതിനാൽ, കർണാടകയിൽ വിദ്യാർത്ഥിനികൾക്കും സ്ത്രീകൾക്കും സർക്കാർ ബസിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടി ബസിൽ കയറി. സഹോദരന് ടിക്കറ്റ് എടുത്തിരുന്നില്ല.
കുട്ടികൾ കാണാതായതിനെ തുടർന്ന് എച്ച്എഎൽ പൊലീസ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം കൈമാറുകയും കുട്ടികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഈ ചിത്രം കണ്ട ഒരു യാത്രക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികൾ ചിത്രദുർഗയിൽ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് ഇടപെട്ട് ഇരുവരെയും സുരക്ഷിതമായി തിരികെ എത്തിച്ച് രക്ഷിതാക്കൾക്ക് കൈമാറി.




