ആദിവാസി നേതാവ് സി കെ ജാനുവിന്റെ യുഡിഎഫ് പ്രവേശം മാധ്യമങ്ങൾ വളരെ വലിയ രീതിയിൽ ആഘോഷിച്ച സംഭവമായിരുന്നു. എൻഡിഎയുടെ ഭാഗമായിരുന്ന സി കെ ജാനു പെട്ടന്നൊരു സുപ്രഭാതത്തിൽ യുഡിഎഫിൽ ചേരുകയും മത്സരരംഗത്തുണ്ടെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. UDF ജയിച്ചാൽ മന്ത്രികസേര ലക്ഷ്യം വെച്ചുള്ള ജാനുവിന്റെ നീക്കമായാണ് പാർട്ടിക്കുള്ളിലുള്ളവർപോലും അതിനെ കണ്ടത്.
ആദ്യം സുൽത്താൻബത്തേരിയിൽ മത്സരിക്കുമെന്നും പിന്നീട് മാനന്തവാടിയിലായിരിക്കുമെന്നുമുള്ള ഊഹാപോഹങ്ങളും പിന്നീട് ജാനുവിന്റെ പ്രതികരങ്ങളും ഉണ്ടായി. ജാനുമത്സരിക്കാനെത്തിയാൽ എതിർക്കുമെന്നറിയിച്ച് ലീഗ് ആദ്യമെ തന്നെ രംഗത്തെത്തിയിരുന്നു. ലീഗിന്റെ നിലപാടിൽ ഭയന്ന കോൺഗ്രസ്സ് നേതൃത്വം ജാനുവിന് മാനന്തവാടി സീറ്റ് നൽകാമെന്ന് ഓഫർ ചെയ്തെന്നുംമാണ് പിന്നീട് കേൾക്കുന്നത്. ആദിവാസി ഭൂസമരങ്ങൾ അടിച്ചമർത്തിയ കോൺഗ്രസ്സ് നേതൃത്വത്തിനൊപ്പം കൂടിയതിൽ ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്ക് പോലും ജാനുവിനോട് എതിർപ്പാണ്.
സീറ്റ് ലക്ഷ്യംവെച്ച് എൻഡിഎ സർക്കാരിനൊപ്പം ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻസാമ്പത്തിക തിരിമറി നടത്തിയെന്ന് ആക്ഷേപമുണ്ടായിരുന്നു. ആ പ്രശ്നങ്ങളൊക്കെ കെട്ടടങ്ങിയതിന് ശേഷമാണ് ജാനുവിന്റെ യുഡിഎഫിലേക്കുള്ള ചാട്ടം.
ഇപ്പോഴിതാ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.കെ.ജാനുവിന് മത്സരിക്കാൻ സീറ്റ് നൽകാനാവില്ലെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജാനുവിനെ തീരുമാനം അറിച്ചതായും പറയപ്പെടുന്നു.
അടുത്തിടെ യു.ഡി.എഫിൽ അസോസിയേറ്റ് അംഗമായ സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ രണ്ട് സീറ്റിൽ മത്സരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വയനാട്ടിലെ മാനന്തവാടിയും കോഴിക്കോട് ബാലുശ്ശേരിയുമാണ് അവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, രണ്ട് സീറ്റുപോയിട്ട് ജാനുവിന് മത്സരിക്കാൻ പോലും സീറ്റ് നൽകാനാവില്ലെന്നാണ് യു.ഡി.എഫ് അറിയിച്ചിരിക്കുന്നത്.
അതേസമയം സീറ്റിനായി ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുകയാണ് സി.കെ.ജാനു. മാനന്തവാടി സീറ്റിൽ മത്സരിക്കാൻ ആവശ്യം ഉന്നയിച്ച് രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും ജാനു ബന്ധപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടെ ഉയർത്തിപ്പിടിച്ചത് ദലിത് ആദിവാസി പിന്നോക്ക വിഭാഗങ്ങളെ ചേർത്തുനിർത്തുക എന്നതാണെന്നും അതിന് വിഭിന്നമായാണ് യു.ഡി.എഫ് നേതൃത്വം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് ജനാധിപത്യ രാഷ്ട്രീയ സഭ പറയുന്നത്. ഈ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ ജാനു സമീപിക്കുന്നത്. രണ്ട് സീറ്റെന്ന ആവശ്യത്തിൽ നിന്ന് ഒരു സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ജനാധിപത്യ രാഷ്ട്രീയ സഭ.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരി നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ.ജാനുവിന് പണംനൽകിയ കേസിൽ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രതെനിരെ കേസ് വന്നിരുന്നു.കേസിൽ പിന്നീട് സുരേന്ദ്രന് ജാമ്യം ലഭിക്കുകയായിരുന്നു. കേസിൽ ജാനു രണ്ടാം പ്രതിയും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ മൂന്നാം പ്രതിയുമായിരുന്നു.
സീറ്റ് മാത്രം മോഹിച്ച് നടക്കുന്ന ആളാണ് ജാനുവെന്നും അവരെ വിശ്വസിച്ച് കൊടിപിടിക്കുന്ന ആദിവാസി ഗോത്രമഹാസഭയിലെ അംഗങ്ങളെയെല്ലാം അവർ മണ്ടൻമാർ ആക്കുകയാണെന്നുമാണ് ജാനുവിനെ കുറിച്ച് ജില്ലയിലെ മറ്റ് പാർട്ടിക്കാർ ഒന്നടങ്കം പറയുന്നത്.
മുത്തങ്ങസമരത്തിന് ശേഷം മാധ്യമങ്ങൾ സികെ ജാനു എന്ന സമര നായികയെ വലിയ രീതിയിൽ ഏറ്റെടുക്കുകയും അവരുടെ നിശ്ചയദർഢ്യത്തിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അവരുടെ രാഷ്ട്രീയ പാർട്ടികളിലേക്ക് ചാട്ടം അവരുടെ വിലകളഞ്ഞിരിക്കുകയാണ്.
ആദ്യം ഇടതുപക്ഷത്തിനൊപ്പം നിന്ന ജാനു അവിടെ രക്ഷയില്ലെന്ന് കണ്ട് എൻഡിഎയുടെ കോട്ടയിലേക്ക് ചാടുകയായിരുന്നു. എൻഡിഎയിൽ നിന്നും സീറ്റിന് വേണ്ടി നല്ല കാശുവാരി തോൽവി ഏറ്റുവാങ്ങിയതോടെയാണ് അവിടെ നിന്നു വിട്ടതെന്നാണ് പറയപ്പെടുന്നത്, പിന്നീടാണ് കോൺഗ്രസ്സിലേക്കുള്ള മലക്കം മറിച്ചിൽ. മുത്തങ്ങ ഭൂസമരം അടിച്ചമർത്തിയ ആന്റണി സർക്കാരിന്റെ പാർട്ടിയിൽ ഘടകക്ഷിയാകാൻ കാണിച്ച തീരുമാനം ജില്ലയിലെ ആദിവാസി വിഭാഗങ്ങളെ പോലും ചൊടുപ്പിച്ചിരുന്നു.
സിപിഎമ്മിനൊപ്പം നിന്ന ജാനു NDA യിലും അതിന് ശേഷം UDF ലും നിലയുറപ്പിച്ചശേഷം കിട്ടാത്തതിന്റെ പേരിൽ ഇനി ഏത് പാർട്ടിയിലേക്കാണ് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.










