കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പണം നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തിരുത്തിപ്പറഞ്ഞ് മൊയ്തീന്‍.ആരും പറഞ്ഞിട്ടല്ല പണം നല്‍കിയതെന്നും പാര്‍ട്ടിയോട് വലിയ കൂറ് ഉള്ളത് കൊണ്ടാണ് പെന്‍ഷന്‍ തുക നല്‍കിയതെന്നും മൊയ്തീന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ മൊയ്തീന്റെ ആദ്യ വിശദീകരണം മറ്റൊന്നായിരുന്നു.
വികസന മുന്നേറ്റ യാത്ര കോഴിക്കോട് ബാലുശ്ശേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അവിടെ വച്ച് പണം വാങ്ങിയ എം വി ഗോവിന്ദന്‍, സംഭാവന സ്വീകരിച്ചതായി കരുതാന്‍ പറഞ്ഞുകൊണ്ട് അപ്പോള്‍ തന്നെ പണം തിരികെ നല്‍കിയിരുന്നു. എന്നാല്‍ പണം സംഭാവനയായി നല്‍കിയതിന് തൊട്ട്പിന്നാലെ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയതെന്നും വീഡിയോ എടുക്കാനായി സിപിഎം പ്രവര്‍ത്തകര്‍ തന്നതാണ് ആ പണമെന്നും മൊയ്തീന്‍ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.
പണം കൊടുക്കണമെന്നും അത് തിരിച്ചുതരുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞതായി മൊയ്തീന്‍ മുന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.ഇതോടെ പാര്‍ട്ടി പ്രതിസന്ധിയിലായി. പാര്‍ട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വിവാദങ്ങളുയര്‍ന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു വിശദീകരണവുമായി മൊയ്തീന്‍ രംഗത്തെത്തിയിരിക്കുന്നത്.




