ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി.
അറസ്റ്റ് ചോദ്യംചെയ്ത് പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ്മാരായ ദിപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ച് സ്വർണക്കൊള്ളയ്‌ക്കെതിരേ നിർണായക പരാമർശം നടത്തിയത്. അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ എന്നാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനോട് ചോദിച്ചത്.
സ്വർണക്കൊള്ളയുമായി പങ്കജ് ഭണ്ഡാരിക്ക് ഒരു ബന്ധവും ഇല്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നാനോ ടെക് ഗോൾഡൻ ഡെപോസിഷൻ (NTGD) യിൽ വിദഗ്ദ്ധൻ ആണ് പങ്കജ് ഭണ്ഡാരിയെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഐഎസ്ആർഒയുടെ മംഗൾയാൻ, ചാന്ദ്രയാൻ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞൻ ആണ് പങ്കജ് ഭണ്ഡാരിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ തയ്യിൽ മഹാദേവ ക്ഷേത്രം ഉൾപ്പടെ നിരവധി ക്ഷേത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാർച്ച് ഒമ്പതിലേക്ക് സുപ്രീം കോടതി മാറ്റിയത്. വെള്ളിയാഴ്ച കേസ് പരിഗണിക്കണം എന്നായിരുന്നു പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ, ഹോളി അവധിക്ക് ശേഷമേ പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി അറിയിച്ചു.




