ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് എന്ന മംഗലശ്ശേരി കാർത്തികേയന്റെ ഡയലോഗ് പോലെയാണ് നിലവിൽ കേരളത്തിൽ ബിജെപിയുടെ നിലപാട്. ഇപ്പോഴെങ്കിലും നടന്നില്ലെങ്കിൽ നാണക്കേടാണെന്ന തോന്നലും കേന്ദ്ര നേതാക്കൾക്ക് വന്നുതുടങ്ങിക്കാണും നിലവിലെ പടയൊരുക്കങ്ങൾ കണ്ടാൽ. പിസി ജോർജ് മുതൽ സാബു ജേക്കബ് വരെ ആരേയും കൂടെക്കൂട്ടും. ഇത്തവണ ഒരുപക്ഷേ പൊടിപാറുന്നത് മധ്യകേരളത്തിലെ പോരാട്ടങ്ങളായിരിക്കും. എൻഡിഎയുടെ കൊച്ചിയിലെ പ്രത്യേക ഓഫീസ് കേന്ദ്രമന്ത്രി കിരൺ റിജ്ജു ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. മാർച്ച് ആറിന് പ്രധാനമന്ത്രിയും കേരളത്തിലേക്ക് എത്തുന്നുണ്ട്.
അമ്പലങ്ങളുടെ മാത്രമല്ല, അരമനകളുടേയും പ്രാധാന്യം മനസിലാക്കി കൊണ്ട് തന്നെയാകും കരുക്കൾ നീങ്ങുക. ക്രിസ്ത്യാനികൾക്ക് മൈക്രോ മൈനോരിറ്റി പദവി വേണമെന്ന ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ ആവശ്യം കേന്ദ്രമന്ത്രി അംഗീകരിച്ചത് ഇതിനോട് ചേർത്ത് വായിക്കാം. ഇടതും വലതും മടുത്ത് അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ശങ്കിച്ചു നിൽക്കുന്ന ക്രിസ്ത്യൻ വോട്ടുകൾ മറിയാൻ മാർപ്പാപ്പയെ കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ വരെ അണിയറയിൽ നടക്കുന്നുണ്ടത്രേ.
ട്വന്റി ട്വന്റിയുടെ വരവോടെ മധ്യകേരളത്തില്‍ എന്‍ഡിഎയുടെ കരുത്ത് ഗണ്യമായി വര്‍ധിച്ചതായാണ് ബിജെപി നേതാക്കൾ വിലയിരുത്തുന്നത്. എറണാകുളം ജില്ലയിൽ വലിയ മുന്നേറ്റമാണ് ഇതിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്. മുനമ്പം വിഷയം വീണ്ടും കത്തിക്കുക എന്നതാണ് കിരൺ റിജ്ജുവിന്റെ വരവ് കൊണ്ട് ബിജെപി ഉന്നമിടുന്നത്. ബിഡിജെഎസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ ആലപ്പുഴയിലും എന്‍ഡിഎ പ്രത്യേക ഓഫീസ് തുറക്കും. കാക്കനാട് സിറോ മലബാര്‍ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിലെത്തി സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ചകളും വരുന്നുണ്ട്.




