ന്യൂ ഡൽഹി: സോഷ്യൽ മീഡിയയിൽ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റാഗ്രാമിൽ 10 കോടി (100 മില്യൺ) ഫോളോവേഴ്സിനെ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി അദ്ദേഹം മാറി. 2014ൽ ഇൻസ്റ്റാഗ്രാമിൽ ചേർന്ന പ്രധാനമന്ത്രി മോദിക്ക്, നിലവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്സുണ്ട്. ലോകത്തെ മറ്റ് അഞ്ച് പ്രധാന നേതാക്കളുടെ ആകെ ഫോളോവേഴ്‌സിനേക്കാൾ കൂടുതലാണ് മോദിയുടെ വ്യക്തിഗത ഫോളോവർ കൗണ്ട്. ഡോണൾഡ് ട്രംപിന് 4.32 കോടി ഫോളോവേഴ്സാണുള്ളത്. തൊട്ടുപിന്നാലെ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീലിയൻ പ്രസിഡന്റ് ലുല (1.44 കോടി), തുർക്കി പ്രസിഡന്റ് എർദോഗൻ (1.16 കോടി), അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലി (64 ലക്ഷം) എന്നിവരാണുള്ളത്.




