സൂറിച്ച്: ഫിഫ ലോകകപ്പ് ഫുട്‌ബോളിന് വിസില്‍ മുഴങ്ങാന്‍ വെറും 99 ദിവസം മാത്രം ബാക്കിനില്‍ക്കെ പശ്ചിമേഷ്യയിലടക്കം യുദ്ധം കനക്കുന്നത് രാജ്യങ്ങളെ ആശങ്കയിലാക്കുന്നു. ഇറാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാനുള്ള സാധ്യത കൂടുതലാണ്. അമേരിക്കയിലാണ് ലോകകപ്പ് നടക്കുന്നതെന്നതിനാല്‍ ട്രംപിനെതിരെ നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.
യുദ്ധം തുടരുകയാണെങ്കില്‍ ഇത്രയും രാജ്യങ്ങളെ ലോകകപ്പിനായി ഒന്നിച്ചു കൂട്ടുക എന്നതും ഫിഫയ്ക്ക് വിലയ വെല്ലുവിളിയാകും. ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെയാണ് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി ലോകകപ്പ് നടക്കാനിരിക്കുന്നത്. പശ്ചിമേഷ്യയെ ബാധിച്ച യുദ്ധത്തില്‍ പങ്കെടുക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്ത നാലു രാജ്യങ്ങള്‍ ലോകകപ്പില്‍ കളിക്കാനുള്ളതാണ്. ആതിഥേയരായ അമേരിക്ക, സൗദി അറേബ്യ, ഖത്തര്‍, ഇറാന്‍ എന്നിവയ്ക്ക് പുറമെ പ്ലേ ഓഫ് ജയിച്ചാല്‍ ഇറാഖ് കൂടിയുണ്ടാകും.



