തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയൊരു പ്രതിസന്ധി പതുക്കെ തലപൊക്കുകയാണ്. കടുത്ത വേനല്‍ച്ചൂടിനൊപ്പം പാചകവാതക പ്രതിസന്ധി കൂടി രൂക്ഷമായതോടെ പണികിട്ടിയത് കെഎസ്ഇബിക്കാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വലിയ തോതിലാണ് വൈദ്യുതി ആവശ്യകത വര്‍ധിച്ചത്. ഗ്യാസ് കിട്ടാതായതോടെ വീടുകളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍, ഹോട്ട് പ്ലേറ്റ്, എയര്‍ ഫ്രയര്‍, മൈക്രോവേവ് തുടങ്ങിയ വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് കാരണം.
ഈ ആഴ്ചയോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം ഈ വര്‍ഷം ആദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ മാത്രം 102.9 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. മാര്‍ച്ച് മൂന്നിന് ഇത് 95 ദശലക്ഷം യൂണിറ്റായിരുന്നു. ഒരാഴ്ച്ച കൊണ്ടാണ് 8.36 ദശലക്ഷം യൂണിറ്റ് ഉപയോഗം വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇടവിട്ട് വേനല്‍മഴ ലഭിച്ചതോടെ താപനില കുറയുകയും വൈദ്യുതി ഉപഭോഗം നിയന്ത്രിതമായി തുടരുകയും ചെയ്തിരുന്നു. പക്ഷേ ഈ വര്‍ഷം ചൂട് കൂടുകയും ഗ്യാസ് ഇല്ലാതാവുകയും ചെയ്തതോടെ താങ്ങാനാവാത്ത വിധം വൈദ്യുതി ഉപയോഗം കടന്നു.






