തൃപ്പൂണിത്തുറ:നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പിമാർ മത്സരിക്കുന്നത് അനാവശ്യമാണെന്ന് കെ. ബാബു എം.എൽ.എ വ്യക്തമാക്കി. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് അനാവശ്യമായ ഉപതിരഞ്ഞെടുപ്പുകൾക്ക് വഴിതെളിക്കുമെന്നും ഇത് പാർട്ടി പ്രവർത്തകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റുള്ളവരും സമാനമായ ആവശ്യം ഉന്നയിക്കാൻ സാധ്യതയുള്ളതിനാൽ, എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിനോട് താൻ പൂർണ്ണമായും യോജിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് താൻ ആരുടെയും പേര് ഹൈക്കമാൻഡിന് മുൻപാകെ ഔദ്യോഗികമായി നിർദ്ദേശിച്ചിട്ടില്ല. തൃപ്പൂണിത്തുറ മണ്ഡലത്തിൽ പല പേരുകളും കേൾക്കുന്നുണ്ടെങ്കിലും ഏറ്റവും യോഗ്യനായ ആളെ പാർട്ടി നേതൃത്വം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിൽ പാർട്ടി നിശ്ചയിക്കുന്ന ആര് വന്നാലും സ്വാഗതം ചെയ്യുമെന്നും എന്നാൽ വ്യക്തിപരമായി തനിക്ക് ദീപക് ജോയിയോടാണ് കൂടുതൽ താൽപ്പര്യമെന്നും കെ. ബാബു വെളിപ്പെടുത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും ദുർബലമാകുമെന്നും പ്രധാന മത്സരം കോൺഗ്രസും സി.പി.ഐ.എമ്മും തമ്മിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കണ്ണൂരിൽ മത്സരിക്കുമെന്ന കെ. സുധാകരന്റെ സ്വയം പ്രഖ്യാപനത്തിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും പാർട്ടി തീരുമാനത്തിന് എല്ലാവരും വഴങ്ങണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അച്ചടക്കം പാലിക്കണമെന്ന കർശന സന്ദേശമാണ് ഇതിലൂടെ നേതൃത്വം നൽകുന്നത്.






