കോഴിക്കോട്: കെ. സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. നേതൃത്വത്തിന്റെ തീരുമാനങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും നേതാക്കൾ പാർട്ടി നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ അർഹതയും ആഗ്രഹവും ഉള്ള കൂടുതൽ പേർ സ്ഥാനാർഥിത്വത്തിനായി മുന്നോട്ട് വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോൺഗ്രസിൽ മാത്രം ഉള്ളതല്ലെന്നും, ഡൽഹിയിൽ എംപിമാരെ കുറിച്ചുള്ള ചർച്ചകൾക്കൊപ്പം മറ്റ് സീറ്റുകളെക്കുറിച്ചും ആശയവിനിമയം നടക്കുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വിഷയം എംപിമാരിൽ മാത്രം കേന്ദ്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.കെ. ശശിയുടെ വിഷയത്തിൽ പാർട്ടി എടുക്കുന്ന നിലപാടാണ് തന്റേതെന്നും, സിപിഎം വിട്ട് വരുന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ സാഹചര്യങ്ങൾ അനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തിൽ രമേഷ് പിഷാരടി യോജിച്ച സ്ഥാനാർത്ഥിയാണെന്നും, പ്രതിസന്ധികാലത്തും പാർട്ടിയോടൊപ്പം നിന്ന കലാകാരനാണെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.






