കൊല്ലം: സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീരാതെ യുഡിഎഫ്. പുനലൂര്‍ മുസ്‍ലിം ലീഗിന് നൽകിയതിനെതിരെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനത്തിൽ നിന്നും ചലിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ഡിസിസി ട്രഷറര്‍ നെൽസൺ സെബാസ്റ്റിനെ വിമത സ്ഥാർത്തിയാക്കും. പുനലൂര്‍ പ്രശ്നം ഡിസിസിയുടെ കയ്യിൽ നിൽക്കുന്നതല്ലെന്നും സംസ്ഥാന നേതൃത്വം ഇതിൽ ഇടപെടണമെന്നും കൊല്ലം ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. പുനലൂരിലെ സ്ഥാനാർത്ഥിയായി നൗഷാദ് യൂനുസിന്‍റെ പേരാണ് ലീഗ് പ്രഖ്യാപിച്ചത്. ഇതിന്റെ തൊട്ടു പിന്നാലെയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം യോഗം ചേർന്ന് സ്വയം സ്ഥാനാർത്ഥിയെ പ്രഖ്യപിച്ചത് .
ഡിസിസി ട്രഷററും പുനലൂർ മണ്ഡലം യുഡിഎഫ് ചെയർമാനും പുനലൂർ നഗരസഭ യുഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡറുമായ നെൽസൺ സെബാസ്റ്റ്യനെയാണ് സ്ഥാനാർത്ഥിയാക്കിയത്. പുനലൂർ രാജാരോഹിണി ഓഡിറ്റോറിയത്തിൽ ചേർന്ന അഞ്ചൽ, പുനലൂർ ബ്ലോക്കുകളിലെ കോൺഗ്രസ് ഭാരവാഹികളുടേയും ജനപ്രതിനികളുടേയും യോഗത്തിലാണ് സ്ഥാനാർഥിയെ നിശ്ചയിച്ചത്.കഴിഞ്ഞ രണ്ടു തവണ മുസ്ലിം ലീഗിന് വിട്ടു നൽകിയതോടെ പുനലൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം വർധിക്കുകയാണ് ഉണ്ടായതെന്നാണ് ഉന്നയിക്കുന്ന വാദം.ഇതോടെയാണ് സീറ്റ് കോൺഗ്രസിന് തിരിച്ചു നൽകണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടത് .
കെ ശശിധരൻ, എസ്.ഇ. സഞ്ജയ്ഖാൻ, സൈമൺ അലക്സ്, ഏരൂർ സുഭാഷ് തുടങ്ങിയവരൊക്കെ സ്ഥാനാർത്ഥി ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആർക്കും സീറ്റ് നൽകിയിട്ടില്ല . സ്ഥാനാർത്ഥി ചർച്ചകളുടെ ആദ്യഘട്ടത്തിൽ തന്നെ ലീഗ് പുനലൂർ സീറ്റ് വേണ്ടെന്ന് പറഞ്ഞിരുന്നതാണ് അവസാന ഘട്ടത്തിലാണ് ലീഗിന് തന്നെ സീറ്റ് നൽകാൻ തീരുമാനിച്ചത് .






