ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം ഉടനെയൊന്നും അവസാനിക്കില്ലെന്ന കണക്കുകൂട്ടലില്‍ പാചകവാതക പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാന്‍ നീക്കവുമായി എണ്ണ കമ്പനികള്‍. വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളില്‍ നിറക്കുന്ന പാചകവാതകത്തിന്റെ അളവ് കുറച്ച് പ്രതിസന്ധി കുറയ്ക്കാനാണ് എണ്ണ കമ്പനികള്‍ ശ്രമിക്കുന്നത്.
നിലവില്‍ വീടുകളില്‍ 14.2 കിലോ സിലിണ്ടര്‍ ആണ് ഉപയോഗിക്കുന്നത്. അതായത് ഒരു സിലിണ്ടറില്‍ 14.2 കിലോ പാചകവാതകമാണ് നിറയ്ക്കുന്നത്. സിലിണ്ടറില്‍ നിറയ്ക്കുന്ന എല്‍പിജിയുടെ അളവ് 10 കിലോയായി കുറച്ച് കൂടുതല്‍ പേരിലേക്ക് സിലിണ്ടര്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
തൂക്കം കുറക്കുന്നതിന് അനുസരിച്ച് വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് മൂന്നിലൊന്ന് തൂക്കമാണ് കുറയുന്നത്. ഇതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. കമ്പനികളുടെ കണക്കനുസരിച്ച്, ഒരു ശരാശരി കുടുംബത്തിന് 14.2 കിലോഗ്രാം സിലിണ്ടര്‍ 35-40 ദിവസമാണ് വേണ്ടി വരുന്നത്. 10 കിലോഗ്രാം ആക്കിയാല്‍ ഏകദേശം ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ കഴിയും.






