മുംബൈ: ദീർഘദൂര ട്രെയിനുകളിലെ യാത്രക്കാർക്ക് ഭക്ഷണലഭ്യത ഉറപ്പാക്കാൻ പാൻട്രി കാറുകളിൽ ജ്വാലയില്ലാത്ത പാചകത്തിന് റെയിൽവേ അനുമതി നൽകി. ഗ്യാസ് വിതരണത്തിലെ തടസ്സങ്ങൾ കാറ്ററിങ് സേവനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) കരാറുകാരോട് ജ്വാലയില്ലാത്ത പാചക സംവിധാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകി.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എൽപിജി വിതരണം കുറയുകയും, അതിന്റെ പ്രതിഫലനം കാറ്ററിങ് പ്രവർത്തനങ്ങളിൽ പ്രകടമാവുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. മുംബൈയിൽ നിന്ന് ഹൗറ, ഡൽഹി, ചെന്നൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളിലെ പാൻട്രി കാറുകളിൽ ഈ സംവിധാനം നടപ്പാക്കും.
ചായയും ലഘുഭക്ഷണങ്ങളും തയ്യാറാക്കാൻ ഇൻഡക്ഷൻ സ്റ്റൗ, മൈക്രോവേവ് ഓവൻ പോലുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗ്യാസ് ക്ഷാമം കാരണം മൊബൈൽ ആപ്പുകൾ വഴി ഓർഡർ ചെയ്യുന്ന ഇ-കാറ്ററിങ് സേവനങ്ങളും ബാധിച്ചിരിക്കുകയാണ്.




