ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ വെടിനിർത്തൽ നടപ്പാക്കുന്നതിന് യുഎസിന് മുന്നിൽ കർശന നിബന്ധനകൾ വെച്ച് ഇറാൻ. ഗൾഫ് മേഖലയിലുള്ള എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും അടച്ചുപൂട്ടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം സ്വന്തമാക്കുകയും കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള അധികാരവും വേണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം.
ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കണം, യുദ്ധനാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം, ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേൽ സൈനിക നടപടികൾ നിർത്തണം എന്നിവയും ഇറാൻ മുന്നോട്ടുവെച്ചു. യുഎസ് നിർദേശിച്ച 15 ഇന സമാധാന നിർദേശങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. എന്നാൽ ഈ നിബന്ധനകൾ യുഎസ് അംഗീകരിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി നിർത്തുക, യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കുക, ആയുധ സംഘടനകൾക്ക് ധന സഹായം നിർത്തുക തുടങ്ങിയ കർശന നിബന്ധനകളാണ് യുഎസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇരുവിഭാഗങ്ങളും കടുത്ത നിലപാടുകളിൽ തുടരുന്നതിനാൽ വെടിനിർത്തൽ ചർച്ചകൾ കൂടുതൽ സങ്കീർണമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.






