ബെംഗളൂരു: റോഡുകളിലെ അനധികൃത പാർക്കിംഗ് തടയാൻ നാലുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ടോവിങ് ആരംഭിക്കുന്നു. നോ പാർക്കിംഗ് സ്ഥലത്തു നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പ്രത്യേക വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്ന രീതിയാണിത്. ട്രാഫിക് പോലീസും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജി.ബി.എ.) ചേർന്നാണ് ടോവിങ് നടത്തുന്നത്. പിഴ ഈടാക്കുന്നത് ട്രാഫിക് പോലീസും വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ജി.ബി.എ.യുടെ നേതൃത്വത്തിലുമാണ്.
ബെംഗളൂരുവിലെ അഞ്ച് കോർപ്പറേഷനുകളിലും ടോവിങ് നടപ്പാക്കും. ബുധനാഴ്ച മുതൽ ടോവിങ് നിലവിൽ വരും. ഒരോ കോർപ്പറേറോഡരികുകളിൽ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളും താത്കാലികമായി നിർത്തിയിട്ടിരുക്കുന്ന വാഹനങ്ങളുമാണ് ടോവിങ് വാഹനങ്ങൾ ഉപയോഗിച്ച് പിടിച്ചെടുക്കുന്നത്. പിഴ നൽകി കഴിഞ്ഞതിനു ശേഷമായിരിക്കും ട്രാഫിക് പോലീസ് വാഹനങ്ങൾ ഉടമകൾക്ക് വിട്ടു നൽകുക. ബൈക്ക്, സ്‌കൂട്ടർ എന്നിവ ടോവിങ് പ്രകാരം പിടിച്ചെടുത്താൽ 1,150 രൂപ നൽകേണ്ടി വരും. കാറുകൾക്ക് 1000 രൂപ ടോവിങ് ചാർജ് നൽകേണ്ടതായി വരും.
ടോവിങ് വാഹനത്തിന്റെ മുന്നിലും പിന്നിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടോവിങ്ങിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ വസ്ത്രങ്ങളിലും ക്യാമറകൾ ഘടിപ്പിക്കും.






