അഹമ്മദാബാദ്: ഐപിൽ ആരവങ്ങൾക്ക് നാളെ തുടക്കമാകുമ്പോൾ വിമർശകർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ. ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിനെത്തുടർന്നുള്ള വിമർശനങ്ങളോടും ചോദ്യങ്ങളോടുമാണ് ഗില്ലിന്റെ മറുപടി. കഴിഞ്ഞ മൂന്ന് നാല് സീസണുകളിലായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ താൻ ആണെന്നും,അതുകൊണ്ടു തന്നെ ആർക്കും മുന്നിലും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഗിൽ വ്യക്തമാക്കി.
2022 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 46.2 ശരാശരിയിലും 149.78 സ്ട്രൈക്ക് റേറ്റിലും 2449 റൺസാണ് ഗിൽ ഐപിഎല്ലില്‍ അടിച്ചുകൂട്ടിയിരിക്കുന്നത്. ഇന്ത്യൻ ടി20 ടീമിലെ ഓപ്പണർ സ്ഥാനത്തിനായി മത്സരിക്കുന്ന അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരേക്കാൾ ഏറെ മുന്നിലാണ് ഗില്ലിന്‍റെ ഐപിഎല്ലിലെ റൺ നേട്ടം. ബാറ്റിങ്ങിൽ ആത്മവിശ്വാസം ഉണ്ടെങ്കിലും നായകനെന്ന നിലയിൽ ഗില്ലിന് ഈ സീസൺ നിർണായകമാണ്. നിലവിൽ ഗുജറാത്ത് ടൈറ്റൻസ് നായകനാണ് ശുഭ്മാൻ ഗിൽ.




