പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഏകദേശം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ മുതല്‍ നമ്മള്‍ ഇന്ത്യക്കാര്‍ ഭയത്തോടെ മാത്രം വീക്ഷിച്ചിരുന്ന ഒരു കാര്യമുണ്ട്, രാജ്യത്തെ ഇന്ധനവില കൂടുമോ? അല്ലെങ്കില്‍ പെട്രോളും ഡീസലും ഇല്ലാതെയാകുമോ? ഈ ഭയത്തിനിടെയാണ് അപ്രതീക്ഷിതമായി പാചകവാതക പ്രതിസന്ധി വരുന്നത്. അപ്പോഴും ഭയത്തിന്റെ കരിനിഴല്‍ പോലെ ഇന്ധന പ്രതിസന്ധി തലയ്ക്ക് മുകളില്‍ മൂടിക്കെട്ടി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നയാര തങ്ങളുടെ ഇന്ധനത്തിന് അഞ്ച് രൂപയോളം കൂട്ടിയപ്പോള്‍ ആ ഭയം ഇരട്ടിച്ചു.
പക്ഷേ ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനമെത്തി, അധിക എക്‌സൈസ് ഡ്യൂട്ടി കുറച്ചു കൊണ്ട് ഇന്ധനവില കൂടാതെ നോക്കും. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതിനിടെ ഇന്ധന നികുതി കുറച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 10 രൂപയുമാണ് എക്‌സൈസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തിയത്. ഇതോടെ പെട്രോളിന്മേലുള്ള കേന്ദ്ര നികുതി 3 രൂപയായും ഡീസലിന്റേത് പൂജ്യമായും മാറി.
സാധാരണഗതിയില്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുമ്പോള്‍ അതിന്റെ ഗുണം പമ്പുകളില്‍ വിലക്കുറവായി പ്രതിഫലിക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍. വില കൂട്ടാതെ കമ്പനികളുടെ നഷ്ടം കുറയ്ക്കാന്‍ വേണ്ടി ചെയ്തതാണ് ഇതെന്നും സാധാരണ ജനങ്ങള്‍ക്ക് വില കുറച്ചുകൊണ്ടുള്ള നേട്ടം ഇതിലൂടെ ലഭിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. നികുതി കുറവ് കമ്പനികള്‍ തന്നെ ഏറ്റെടുക്കുന്നതോടെ സാധാരണ ഉപഭോക്താവിന് പമ്പില്‍ പഴയ വില തന്നെ നല്‍കേണ്ടി വന്നേക്കാം. അതായത്, പെട്രോള്‍ അടിക്കുമ്പോള്‍ ലിറ്ററിന് 10 രൂപ കുറയുമെന്ന് പ്രതീക്ഷിക്കുന്ന സാധാരണക്കാരന് നിരാശയായിരിക്കും ഫലം.
യുദ്ധം അവസാനിക്കാതെ നീളുന്നതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 122 ഡോളറിന് മുകളിലെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ (OMCs) ലിറ്ററിന് ഏകദേശം 48.8 രൂപയോളം നഷ്ടത്തിലാണ് ഇന്ധനം വില്‍ക്കുന്നത്. സര്‍ക്കാര്‍ നികുതി കുറച്ചാലും, ഈ തുക എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ മാത്രമാണ് ഉപയോഗിക്കുക.
എന്തുകൊണ്ട് വില കുറയ്ക്കുന്നു?
യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെ ലോകത്തെ ചരക്കുനീക്കം സ്തംഭിക്കുകയായിരുന്നു. എണ്ണ തന്നെയായിരുന്നു ഇതിലൂടെ പോയിരുന്ന പ്രധാന ചരക്ക് എന്നതിനാലും യുദ്ധം ബാധിച്ചത് ഗള്‍ഫ് മേഖലയെ ആയതിനാലും ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ ഏകദേശം 50 ശതമാനത്തോളവും മധ്യ അമേരിക്കയിലും യൂറോപ്പിലുമെല്ലാം 20 ശതമാനത്തോളവും പെട്രോള്‍ വില കൂടിയപ്പോള്‍ ഇന്ത്യയില്‍ അത് പിടിച്ചു നിര്‍ത്താന്‍ കേന്ദ്രം കൈക്കൊണ്ട മാര്‍ഗമാണ് ഈ അധിക സര്‍ചാര്‍ജ് പിന്‍വലിക്കല്‍. അതായത്, വില ‘കുറയ്ക്കുക’ എന്നതിലുപരി വരാനിരിക്കുന്ന വലിയൊരു വിലവര്‍ധനവില്‍ നിന്ന് ജനങ്ങളെ ‘പ്രതിരോധിക്കുക എന്ന നയം.
ഇനി വില വര്‍ധിപ്പിക്കുമോ?
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 65 ഡോളര്‍ എന്ന നിലയിലായിരുന്നു. എന്നാല്‍, യുദ്ധം തുടങ്ങിയതോടെ എണ്ണവില വന്‍ കുതിപ്പ് നടത്തി. 110 ഡോളറിന് മുകളിലേക്ക് വരെ വില വര്‍ധിച്ചിരുന്നു. ഇതാണ് എണ്ണക്കമ്പനികള്‍ക്ക് കനത്ത അടിയായത്. നയാര ഒരു സ്വകാര്യ എണ്ണക്കമ്പനി ആയതിനാല്‍ അവര്‍ ആദ്യം വില കൂട്ടുകയായിരുന്നു. നിലവില്‍ ഒരു ലീറ്റര്‍ പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. എക്‌സൈസ് നികുതി വെട്ടിക്കുറച്ചതു വഴി കേന്ദ്ര സര്‍ക്കാരിനുണ്ടാകുന്ന പ്രതീക്ഷിത വരുമാനനഷ്ടം 1.7 ലക്ഷം കോടി രൂപയാണെന്നാണ് വിലയിരുത്തല്‍. ഇന്ത്യ പോലൊരു രാജ്യത്തിന് അധിക കാലം ഇത്തരത്തില്‍ കനത്ത നഷ്ടം സഹിച്ച് മുന്നോട്ട് പോകാനാവില്ല. അതിനൊപ്പം രാജ്യത്ത് അഞ്ച് സ്ഥലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും വരുന്നു, അതിനാല്‍ തല്‍ക്കാലം വേണ്ടെന്ന് വെച്ചിരിക്കുന്ന വിലവര്‍ധനവ് ഒരുപക്ഷേ തെരഞ്ഞെടുപ്പ് കാലം കഴിയുന്നതോടെ കൂടാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നില്‍ കാണുന്നുണ്ട്.
നിലവില്‍ ഇന്ത്യയില്‍ ഏകദേശം 60 ദിവസത്തേക്കുള്ള എണ്ണ സ്റ്റോക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുള്ളില്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കിലോ ഹോര്‍മൂസ് അടഞ്ഞുതന്നെ കിടന്നാലോ ഈ ഇളവ് ദീര്‍ഘകാലം പിടിച്ചു നില്‍ക്കാന്‍ കേന്ദ്രത്തിനും എണ്ണക്കമ്പനികള്‍ക്കും പറ്റാതെ വരും. അങ്ങനെയൊരു സാഹചര്യത്തില്‍ വില കൂട്ടുക എന്നത് മാത്രമായിരിക്കും പരിഹാരം. എങ്കില്‍ പോലും തല്‍ക്കാലം വില കൂടാതെ കുറച്ച് കാലം കൂടി പിടിച്ചുനില്‍ക്കാന്‍ ഈ പരിഷ്‌കാരത്തിന് കഴിയുമെന്ന് ആശ്വസിക്കാം.



