ചെന്നൈ: വിദ്യാർഥിനിയുടെ ലൈംഗികപീഡനപരാതിയെ തുടർന്ന് അണ്ണാ സർവകലാശാലയിലെ അധ്യാപകൻ ജ്ഞാനവേൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലയിലെ അവസാനവർഷ എൻജിനിയറിങ് വിദ്യാർഥിനിയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സംഭവത്തെ തുടർന്ന് സർവകലാശാലയ്ക്കുമുന്നിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.
അധ്യാപകനെതിരെ വകുപ്പുതല നടപടിയും കർശന ശിക്ഷയും ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധിച്ചു. സാഹചര്യം ഗുരുതരമായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് തിരുനെൽവേലിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജ്ഞാനവേലിനെ പിടികൂടുകയായിരുന്നു. സർവകലാശാല സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ചെന്നൈ കോട്ടൂർപുരം വനിതാ പോലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ രണ്ട് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിന് ശേഷം നാല് വിദ്യാർഥികൾ കൂടി ഇയാൾക്കെതിരെ പരാതി നൽകി.
കഴിഞ്ഞ മൂന്ന് വർഷമായി അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് വിദ്യാർഥിനിയുടെ പരാതി. പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുമ്പോൾ കിടപ്പുമുറിയിലേക്ക് വരാൻ ആവശ്യപ്പെടുകയും രാത്രി വൈകിയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തതായി പറയുന്നു. സംഭവം പുറത്തറിയിച്ചാൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയും ഉണ്ടായിരുന്നുവെന്നാണ് ആരോപണം. ശല്യം സഹിക്കാനാകാതെ അധ്യാപകന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ നിന്നുമൊഴിവായതായും വിദ്യാർഥിനി വ്യക്തമാക്കി.
എന്നാൽ സുഹൃത്തുക്കളെ ബന്ധപ്പെടുത്തി വിവരം അന്വേഷിച്ച് ഉപദ്രവം തുടരുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കോളേജിലെ മറ്റ് ചില വിദ്യാർഥിനികളെയും പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഭയം മൂലം അവർ പരാതി നൽകാതിരുന്നതായും ആരോപണമുണ്ട്.
തനിക്കൊപ്പം മറ്റു വിദ്യാർഥിനികളുടെ പരാതികളിലും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനി പോലീസിനെ സമീപിച്ചു.






