തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിന്റെ കാർഷിക മേഖല വലിയ മുന്നേറ്റം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ കാർഷിക വളർച്ച 2.1 ശതമാനമായിരിക്കെ, കേരളം 4.65 ശതമാനം വളർച്ച കൈവരിച്ചതായി അദ്ദേഹം വ്യക്തമാക്കി. ദേശീയ വളർച്ചയുടെ ഇരട്ടിയിലധികം നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പിലാക്കിയതായും, ഇനി അത് ഇരട്ടിയാക്കാനുള്ള ദീർഘകാല പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർക്കുള്ള ധനസഹായം, നെല്ല് സംഭരണം, ഉത്പാദന വർധന എന്നിവയും ശക്തിപ്പെടുത്തിയതായി അറിയിച്ചു. കാർഷിക ഉത്പന്നങ്ങൾക്ക് സ്ഥിരമായ വിപണിയും വിലയും ഉറപ്പാക്കുന്നതിനായി പച്ചക്കറികൾക്കും പഴങ്ങൾക്കും തറവില പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
അതേസമയം, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇടതുമുന്നണിക്ക് ശക്തമായ സ്ഥാനാർഥിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഉയർത്തുന്ന ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തല ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, യുഡിഎഫ് നുണപ്രചാരണം നടത്തുമ്പോൾ എൽഡിഎഫ് വികസന നേട്ടങ്ങൾ മുന്നോട്ടുവെച്ചാണ് വോട്ടുതേടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനം വികസനം വിലയിരുത്തി വോട്ട് ചെയ്യുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






